ഈ ഒച്ചിന്റെ മനോഹരമായ തോട് കണ്ട് തൊടരുത്! ഹൃദയം നിലച്ചേക്കാം

ഈ കടൽ ഒച്ചിനെ വേറിട്ട് നിർത്തുന്നത് അതിന്റെ രൂപമല്ല, അതിന്റെ വേട്ടയുടെ രീതിയാണ്

ഈ ഒച്ചിന്റെ മനോഹരമായ തോട് കണ്ട് തൊടരുത്! ഹൃദയം നിലച്ചേക്കാം
dot image

ആദ്യ നോട്ടത്തിൽ തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കും, അപ്പോൾ പിന്നെ അതൊന്ന് കയ്യിലെടുത്താലോ എന്ന് തോന്നിപ്പോകും. കടൽത്തീരത്തൂടെ നടക്കുമ്പോൾ ടെക്‌സ്റ്റൈൽ കോൺ സ്‌നെയിൽ എന്ന ഈ കടൽ ഒച്ചിനെ കണ്ടാൽ അതിനെ കണ്ടില്ലെന്ന് നടിച്ച് പോകാൻ കഴിയില്ല. സാവധാനത്തിൽ ചലിക്കുന്ന മറൈൻ ഗ്യാസ്‌ട്രോപോഡ് മൊളസ്‌കുകളിലൊന്നാണ് ഈ കടൽ ഒച്ച്. ഇത്തിരിക്കുഞ്ഞനായ ഭംഗിയുള്ള ഈ ജീവി അപകടകാരിയാണെന്ന് ഒരിക്കലും നമുക്ക് തോന്നില്ല. പക്ഷേ പ്രകൃതി ഓരോന്നിനും ഓരോ പ്രത്യേകത നൽകിയിട്ടുണ്ട്. ഈ ഒച്ചിന്റെ കാര്യത്തിലാണെങ്കിൽ അത് ജീവനെടുക്കുന്ന അത്ര അപകടം പിടിച്ചതാണ്.

ടെക്‌സ്റ്റൈൽ കോൺ സ്‌നെയിൽ അല്ലെങ്കിൽ കോണസ് ടെക്‌സ്റ്റേൽ ചൂടുള്ള കടൽവെള്ളത്തിലാണ് കാണപ്പെടുക. ട്രോപിക്കൽ, സബ്‌ട്രോപിക്കൽ സോണുകളിലെ പവിഴപ്പുറ്റുകളാണ് ഇവയുടെ ആവാസകേന്ദ്രം. പതിയെ സഞ്ചരിക്കുന്ന ഇവ കൃത്യതയുള്ള വേട്ടക്കാരാണ്. ഇവയുമായി ഏറ്റുമുട്ടിയാൽ പുറപ്പെടുവിക്കുന്ന വിഷം മനുഷ്യഹൃദയത്തെ പോലും പ്രവർത്തനരഹിതമാക്കാൻ ശേഷിയുള്ളതാണ്.

ഈ കടൽ ഒച്ചിനെ വേറിട്ട് നിർത്തുന്നത് അതിന്റെ രൂപമല്ല, അതിന്റെ വേട്ടയുടെ രീതിയാണ്. മറ്റുള്ള ഇരപിടിയന്മാരെ പോലെ ഇരയുടെ പിറകേ പോയി അവയെ വേട്ടയാടുകയല്ല, മറിച്ച് ഒരിടത്ത് നിന്ന് ഇരയ്ക്കായി കാത്തിരുന്ന് പിടിയിലാക്കുകയാണ് ഇവ ചെയ്യുന്നത്. കഴിക്കാൻ കഴിയുന്ന ഏതെങ്കിലും ജീവി, അത് മത്സ്യമാകാം, വിരകളാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും ഒച്ചു തന്നെയാകാം. അമ്പ് പോലെയുള്ള ഇവയുടെ പല്ല്, ഇതിനെ റാഡുല എന്നാണ് വിളിക്കുന്നത്. സെക്കൻഡുകൾക്കിടയിൽ ഇവ പുറത്തേക്ക് തള്ളി ഇരയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കും. എന്താണ് തങ്ങളുടെ ശരീരത്തിൽ തട്ടിയതെന്ന് മനസിലാക്കും മുമ്പേ അവ ചത്തിട്ടുണ്ടാകും.


കോണാടോക്‌സിൻസ് എന്ന വസ്തുവിന്റെ ഒരു മിശ്രിതമാണിത്. ഇത് പ്രകൃതിയിലുള്ള വീര്യം കൂടിയ ന്യൂറോ ടോക്‌സിനാണ്. ഈ വിഷം നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇത് ഇരയെ നിമിഷങ്ങൾക്കുള്ളിൽ തളർത്തിക്കളയും. ഗവേഷകർ ഈ വിഷത്തെ കുറിച്ച് വർഷങ്ങളോളം പഠിച്ചിരുന്നു. കോൺ സ്‌നെയിലുകള്‍ പ്രകൃതിയിലെ കെമിക്കൽ എൻജിനീയർമാരാണെന്നാണ് ഗവേഷകരിലൊരാളായ ഡോ ബാൾഡമേറോ ഒലിവേറോ വിശേഷിപ്പിച്ചത്. ഇവ ഉത്പാദിപ്പിക്കുന്ന പദാർത്ഥങ്ങളെ വേദനസംഹാരികളിലും നാഡീ സംബന്ധമായ ചികിത്സകളിലും ഉപയോഗിക്കുന്നതിനായുള്ള പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

ടെക്സ്റ്റൈല്‍ കോണ്‍ സ്നെയില്‍ ഉത്പാദിപ്പിക്കുന്ന വിഷം മനുഷ്യജീവനെ അപകടത്തിലാക്കിയ സംഭവങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ആന്റി വെനം ഇതുവരെ കണ്ടെത്തിയിട്ടില്ല. ടെക്‌സ്റ്റൈൽ കോൺ സ്‌നെയിലിൽ നിന്നുള്ള ഒരു കുത്തേറ്റാൽ തന്നെ മരവിപ്പ്, പേശികൾ ദുർബലമാകൽ, ശ്വാസംമുട്ട് പോലുള്ള അവസ്ഥ ഉണ്ടാകും. ഈ ഒച്ചിന്റെ തോടുകൾ ശേഖരിച്ച് വിൽക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഈ തോടുകൾ ഒഴിഞ്ഞുകിടക്കുന്നതാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒച്ച് ജീവനോടെ ഉണ്ടെങ്കിൽ അപകടം ഉറപ്പാണത്രേ. ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും മലിനീകരണവും ആവാസവ്യവസ്ഥ നശിക്കുന്നതും ഇവ ശേഖരിച്ച് വിൽക്കുന്ന ബിസിനസ് വ്യാപിച്ചതുമെല്ലാം ഇവയുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്നുണ്ട്.

Content Highlights: a sea snail named textile cone snail which is venomous can stop human heart

dot image
To advertise here,contact us
dot image