

ആർട്ടിക്ക് ആവാസവ്യവസ്ഥയിലെ പ്രധാനിയാണ് ഹിമക്കരടികൾ. കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇവയുടെ നിലനിൽപ്പിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. വടക്കൻ കടലോര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്ന ഹിമക്കരടി വൃത്തിയുടെ കാര്യത്തിലും മുൻപന്തിയിലാണ്.
ശരീരത്തിലൊരു തരിപൊടിയോ അഴുക്കോ ഇല്ലാതെ വൃത്തിയായും ഉണക്കിയും ഇവ സൂക്ഷിക്കും. നനഞ്ഞ അഴുക്ക് പറ്റിയ രോമങ്ങൾ ശരീരത്തിന് ശരിയായ സംരക്ഷണം നൽകാൻ സഹായിക്കില്ല. ഇനി യാഥാർത്ഥ്യം എന്താണെന്ന് വച്ചാൽ ഹിമക്കരടികൾക്ക് വെള്ള നിറത്തിലുള്ള രോമങ്ങളല്ല എന്നതാണ്. ഐസ് നിറഞ്ഞ ആർട്ടിക്ക് പ്രദേശത്തെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ഈ ഹിമക്കരടികൾക്ക് യഥാർത്ഥത്തിൽ കറുത്ത ചർമമാണ്. ഇവയുടെ രോമങ്ങൾ സുതാര്യവും പൊള്ളയായതുമാണ്. ഇവയിലൊരു വെള്ള പിഗ്മെന്റുകളുടെ സാന്നിധ്യവുമില്ല. എന്നാൽ ഇവയുടെ ശരീരത്തിന്റെ സംരക്ഷണത്തിനായി രോമത്തിന്റെ ഡബിൾ കോട്ടു തന്നെയുണ്ട്. മാത്രമല്ല ഇതിനൊപ്പം ശരീരത്തിന്റെ കൊഴുപ്പിന്റെ പാളികളുമുണ്ട്.
കെരാറ്റിൻ കൊണ്ട് നിർമിച്ച രോമത്തിന്റെ പഉരം പാളിക്ക് വെളിച്ചം പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. സൂര്യപ്രകാശം ഹിമക്കരടിയുടെ രോമത്തിൽ തട്ടുമ്പോൾ ഉള്ളിൽപ്പെടുന്ന വെളിച്ചത്തിന്റെ കിരണങ്ങൾ ഒരു പ്രകാശമാനമായ പ്രഭാവം തന്നെ സൃഷ്ടിക്കും. ഇതാണ് ഓഫ് വൈറ്റ് ഷേഡ് നിറം ഹിമക്കരടിയുടെ രോമത്തിന് നൽകുന്നത്. ഈ നിറമാണ് ആർട്ടിക്ക് പരിസരങ്ങളിലും ഐസി പ്രതലത്തിലുമെല്ലാം ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാതെ പോകും. തണുത്തുറഞ്ഞ വെള്ളത്തിലൂടെ നീന്തുമ്പോഴും കഠിനമായ കാലാവസ്ഥയിലും ഹിമക്കരടിക്ക് തുണയാവുന്നത് ഈ രോമങ്ങളാണ്.
ഫാറ്റി സീലുകളെയാണ് കൂടുതലായി ഹിമക്കരടികൾ ആഹാരമാക്കുന്നത്. ഇവയിലെ കൊഴുപ്പും ഊർജ്ജവുമാണ് അതികഠിനമായ കാലാവസ്ഥയെ നേരിടാൻ ഇവയെ സഹായിക്കുന്നത്. ഇവയുടെ വയറ്റിനുള്ളിൽ വലിയ അളവിൽ ഭക്ഷണം ശേഖരിച്ച് വയ്ക്കാനുള്ള ശേഷിയുണ്ട്. ഒരു മണിക്കൂറിൽ ആറു മൈൽ വരെ വേഗത്തിൽ നീന്താൻ ഇവയ്ക്ക് കഴിവുണ്ട്. മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസങ്ങളോളം സീലുകൾക്കായി കാത്തുനിന്ന് ഇവയെ വേട്ടയാടി പിടിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്.
Content highlights: The colour of Polar bear's fur is not white but skin is black