ഇന്ത്യന്‍ കാടുകളില്‍ ഈ വന്യജീവികള്‍ ഉണ്ടാകില്ല! എന്നന്നേക്കുമായി അപ്രത്യക്ഷമായവ ഇവയൊക്കെ

ഇന്ത്യയുടെ കാടുകളില്‍ നിന്നെ പല വര്‍ഗങ്ങളും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു

ഇന്ത്യന്‍ കാടുകളില്‍  ഈ വന്യജീവികള്‍ ഉണ്ടാകില്ല! എന്നന്നേക്കുമായി അപ്രത്യക്ഷമായവ ഇവയൊക്കെ
dot image

പല ജീവജാലങ്ങളും ലോകത്ത് നിന്നും അപ്രത്യക്ഷമാകുന്ന വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് പലരും മനസിലാക്കിയിട്ടില്ലെന്നതാണ് വാസ്തവം. ഹിമാലയന്‍ മലനിരകള്‍ തുടങ്ങി ഗംഗാ സമതലവും കഴിഞ്ഞ് പശ്ചിമഘട്ടം വരെ എത്തിനില്‍ക്കുമ്പോള്‍ ജന്തുജാലങ്ങളില്‍ പലതരം വ്യത്യസ്ത ഇനങ്ങളിലുള്ളവ ഒരുകാലത്ത് അതിവസിച്ചിരുന്ന ഇടമാണെന്ന് പറയേണ്ടി വരും. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇവിടെയുണ്ടായിരുന്ന പല ജീവികളും ലോകത്ത് നിന്നു അപ്രത്യക്ഷമായെന്നതാണ് വാസ്തവം.

മൃഗവേട്ട, സ്‌പോട്ടില്‍ വെടിവെച്ച് കൊല്ലുന്ന പ്രവണത, വനനശീകരണം, വനമേഖലകളിലെ കയ്യേറ്റം, ജനസംഖ്യാ വര്‍ധനവ് എന്നിവ വന്യജീവികളുടെ എണ്ണത്തെ സാരമായി തന്നെ ബാധിച്ചു. ചുരുങ്ങിപ്പോയ ഇടങ്ങളില്‍ ഇവ അതിജീവിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയില്ലാതെയായി എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കാടുകളില്‍ നിന്നെ പല വര്‍ഗങ്ങളും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. അവയില്‍ ചിലത് ഇവയൊക്കെയാണ്.

ഇന്ത്യന്‍ ചീറ്റ(ഏഷ്യാറ്റിക്ക് ചീറ്റ)

ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യാറ്റിക്ക് ചീറ്റ ഒരുകാലത്ത് ഇന്ത്യന്‍ കാടുകള്‍ അടക്കി ഭരിച്ചിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡക്കാന്‍ പീഠഭൂമിയിലെ പ്രദേശങ്ങളിലെല്ലാം ഇവയുണ്ടായിരുന്നുവെന്ന് ചരിത്രരേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മുമ്പ് മുഗള്‍ രാജാക്കന്മാര്‍ ആയിരക്കണക്കിന് ചീറ്റകളെ പോറ്റി വളര്‍ത്തിയിരുന്നു. അന്നത്തെകാലത്തെ ചിത്രങ്ങളും മറ്റും ഇത് തെളിയിക്കുന്നതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഇവയുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. മത്സരങ്ങളുടെയും കായികവിനോദത്തിന്റെയും ഭാഗമായി ചീറ്റകളെ വെടിവെച്ച് കൊന്നിരുന്നു, ഇവയുടെ വാസസ്ഥലങ്ങള്‍ കൃഷിയിടങ്ങളായി മാറി, ബ്ലാക്ക്ബഗുകളെ വേട്ടയാടുന്ന വിനോദത്തിനായി പരിശീലിപ്പിക്കാന്‍ ഇവയെ പിടികൂടുമായിരുന്നു. ഇതെല്ലാം ഇവയുടെ എണ്ണം കുറയാന്‍ ഇടയാക്കി.

Asiatic Cheetah or Indian Cheetah
Asiatic Cheetah

1940കളായപ്പോഴേക്കും ഇവയെ കാണുന്നത് തന്നെ കുറഞ്ഞു. ഏറ്റവും ദുഃഖകരമായ കാര്യം 1948ല്‍ ശേഷിച്ച മൂന്ന് ചീറ്റകളെ സുര്‍ഗുജയിലെ മഹാരാജാ രാമാനുജ് പ്രതാപ് സിങ് ഡിയോ വെടിവെച്ച് കൊന്നുവെന്നതാണ്. 1952ല്‍ ദേശീയ അതിര്‍ത്തിക്കുള്ളില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി അധികൃതർ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ കൂനോ നാഷണല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ ചീറ്റകളെ സംരക്ഷിക്കുന്നുണ്ട്. എനനാല്‍ ഇവ ഇന്ത്യന്‍ ചീറ്റയ്ക്ക് പകരമാവില്ലെന്നാണ് യാഥാർത്ഥ്യം.

ജാവന്‍ റൈനോസറസ്

ഇന്ത്യയുടെ വടക്ക്കിഴക്കന്‍ തണ്ണീര്‍ത്തടങ്ങളില്‍ അതിവസിച്ചിരുന്ന ജാവന്‍ റൈനോസറസ് ഇന്ന് വിരലില്‍ എണ്ണാവുന്നത് മാത്രമാണ് ഭൂമിയിലുള്ളത്. ഇന്തോനേഷ്യയിലെ ജാവയില്‍ മാത്രമല്ല, ചരിത്രപരമായ രേഖകളിലും ബ്രിട്ടീഷ് കണക്കുകളിലും ബംഗാളിലും ആസമിലും ഇവ കാണപ്പെട്ടിരുന്നതായി പറയുന്നുണ്ട്. പ്രത്യേകിച്ച് ചതുപ്പ് നിലങ്ങളും സസ്യങ്ങളും നിറഞ്ഞിടത്തായിരുന്നു ഇവയുടെ സാന്നിധ്യം.

Javan  rhinoceros protected in Indonesia
Javan  rhinoceros

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായി. ലോകത്തില്‍ ഇവയുടെ എണ്ണം നോക്കിയാല്‍ എണ്‍പതിനും താഴെ മാത്രമാണുള്ളത്. ഇന്തോനേഷ്യയിലെ Ujung Kulon ദേശീയ പാര്‍ക്കിലാണ് നിലവിലുള്ളവയെ സംരക്ഷിച്ചിരിക്കുന്നത്.

നോര്‍ത്തേണ്‍ ബ്രൗണ്‍ വുള്‍ഫ്

ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായ ജന്തുക്കളില്‍ ഏറ്റവും അവസാനത്തേതാണ് നോര്‍ത്തേണ്‍ ബ്രൗണ്‍ വുള്‍ഫ്. ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ അതിരുകള്‍ ചുറ്റിത്തിരിഞ്ഞിരുന്ന ഇവ വാസസ്ഥലങ്ങള്‍ ഇല്ലാതായതും വേട്ടയുമെല്ലാം മൂലമാണ് ഇല്ലാതായത്. ഇന്ത്യന്‍ ചെന്നായയെ പോലെ മധ്യ - പശ്ചിമ ഇന്ത്യയില്‍ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞില്ല. നിലവില്‍ ഇവ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായതായാണ് കണക്കാക്കുന്നത്.

Northern brown Wolf
Wolf

ഹിമാലയന്‍ ക്വയില്‍

ഹിമാലയന്‍ കാട എന്ന് വിളിക്കപ്പെട്ട ഈ പക്ഷിയെ ഇന്ത്യന്‍ കാടുകളില്‍ നിന്നും കാണാതായിട്ട് 149 വര്‍ഷമായിരിക്കുന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ 1876ലാണ് ഇവയെ അവസാനമായി കണ്ടത്. പിന്നീടിങ്ങോട്ട് ഒരെണ്ണത്തെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി ഇവയില്‍ ഒരെണ്ണത്തിനെയെങ്കിലും കണ്ടെത്താനുള്ള പരിവേഷണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. കാട്ടുതീയും പ്രകൃതിയിലെ മാറ്റങ്ങളും, ഇവയുടെ ആവാസവ്യവസ്ഥ മേച്ചില്‍പുറങ്ങളായി മാറിയതും, വേട്ടയാടലുമെല്ലാം ഇവയുടെ എണ്ണത്തില്‍ കുറവുണ്ടാക്കി.

Himalayan Quail
Himalayan Quail

പിങ്ക് ഹെഡഡ് ഡക്ക്

ഗംഗാസമതലത്തിലെ തണ്ണീര്‍ത്തടങ്ങളിലും വടക്കന്‍കിഴക്കന്‍ ഇന്ത്യയിലും ധാരാളമായി കാണപ്പെട്ടിരുന്ന പക്ഷിയാണ് പിങ്ക് ഹെഡഡ് ഡക്ക്. പ്രത്യേക ഭംഗിയുള്ള പിങ്ക് നിറത്തിലുള്ള തലയും ഇരുണ്ട തൂവലുകളും ഇവയുടെ പ്രത്യേകതയായിരുന്നു.

Pink headed duck
Pink headed duck

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ പക്ഷിസ്‌നേഹികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും കാഴ്ചാവിസ്മയം തീര്‍ത്തിരുന്ന ഇവയെ 1940ന് ശേഷം കണ്ടിട്ടില്ല. എന്നന്നേക്കുമായി ഇവ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായെന്നാണ് കരുതപ്പെടുന്നത്.

Content Highlights: animals and birds that disappeared from Indian forests

dot image
To advertise here,contact us
dot image