

മലയാളത്തിന്റെ പ്രിയപ്പെട്ട ബേസിൽ ജോസഫ് തമിഴിലേക്ക്. റാവടി എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ജോസഫ് തമിഴ് സിനിമയിലേക്ക് എൻട്രി നടത്തുന്നത്. സിനിമയുടെ ടീസർ പുറത്തുവന്നു. വിഘ്നേഷ് വടിവേൽ ഒരുക്കുന്ന സിനിമ ഒരു പക്കാ കോളേജ് എന്റർടൈനർ ആയിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ എല്ലാം ടീസറിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബേസിലിന്റെ പക്കാ മാസ്സ് വേഷമാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
എൽ.കെ. അക്ഷയ് കുമാർ, ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി എ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്.എസ്. ലളിത് കുമാർ ആണ് ഈ സിനിമ നിർമിക്കുന്നത്. എൽ.കെ. അക്ഷയ് കുമാർ സഹനിർമാതാവും കെ. അരുണും മണികണ്ഠനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ബ്ലഡി ബെഗ്ഗർ (2024), കിസ് (2025) എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജെൻ മാർട്ടിൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
ഛായാഗ്രാഹകൻ ലിയോൺ ബ്രിട്ടോ, എഡിറ്റർ ഭരത് വിക്രമൻ, കലാസംവിധായകൻ പി.എസ്. ഹരിഹരൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിൽ അതിരടി ആണ് ഇനി പുറത്തിറങ്ങാനുള്ള ബേസിൽ ചിത്രം. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാൻ അതിരടി. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്.
നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്.
Content Highlights: Basil Joseph tamil film Raawadi announcement teaser out now