

സൗരയൂഥത്തിന്റെ കേന്ദ്രമായ നമ്മുടെ സൂര്യൻ ഈ പ്രപഞ്ചത്തിൽ ഒരു ഒറ്റപ്പെട്ട നക്ഷത്രമായി ജനിച്ചതല്ല, വാസ്തവത്തിൽ സൂര്യന് നിരവധി കൂടെപ്പിറപ്പുകൾ അല്ലെങ്കിൽ സഹോദരങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ സിദ്ധാന്തത്തെക്കുറിച്ച് പല തവണ ചർച്ചകളും നടന്നിട്ടുണ്ട്. എന്നാൽ നമുക്ക് അറിയാത്തത് എത്ര കാലം ഈ പറയുന്ന കൂടപ്പിറപ്പുകൾ സൂര്യനോട് ഒപ്പമുണ്ടായിരുന്നു എന്നും അകന്ന് പോകാൻ ഇടയായ സാഹചര്യം എന്തായിരുന്നു എന്നുമാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൂര്യനോടൊപ്പം എത്ര നക്ഷത്രങ്ങൾ സൗരയൂഥത്തിൽ പൊട്ടിപ്പുറപ്പെട്ടു എന്നതിനൊപ്പം, അവ ഏതൊക്കെയാണ് എന്നതിനെ കുറിച്ചൊരു പുതിയ പഠനം നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

പഠനങ്ങൾ അനുസരിച്ച്, ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ്, ഒരു വലിയ തന്മാത്രാ മേഘത്തിൻ്റെ (molecular cloud) ഒരു ഭാഗം തകർന്ന് രൂപപ്പെട്ട നക്ഷത്രമാണ് സൂര്യൻ. അങ്ങനെ സൂര്യൻ രൂപപ്പെട്ട സമയത്ത് തന്നെ ആ മേഘത്തിൽ നിന്നുള്ള വാതകവും പൊടിയും ചേർന്ന് രൂപപ്പെട്ട മറ്റു നക്ഷത്രങ്ങളും പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. സൂര്യന്റെ കൂടെ ഉണ്ടായിരുന്ന ചെറു നക്ഷത്രങ്ങൾ ഗുരുത്വാകർഷണ ഇടപെടലുകൾ മൂലം ഒരുമിച്ച് നിൽക്കാൻ കഴിയാതെ അകന്നതാകാം എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം.

രണ്ട് നക്ഷത്രങ്ങൾ വളരെ അടുത്ത പ്രദേശത്തു കൂടി കടന്നുപോകുമ്പോഴെല്ലാം, അവയുടെ ശക്തമായ ഗുരുത്വാകർഷണം കാരണം ഒരുമിച്ച് നില്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അങ്ങനെയുള്ള ഏറ്റവും ദുർബലമായ ചെറിയ നക്ഷത്രങ്ങളോ വസ്തുക്കളോ ഭ്രമണപഥങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയോ പൂർണ്ണമായും പുറന്തള്ളപ്പെടുകയോ ചെയ്തിരിക്കാം. ഇന്നും നമ്മുടെ സൗരയൂഥത്തിന്റെ വിശാലമായ പ്രദേശങ്ങളിൽ ആ ചെറു വസ്തുക്കൾ സൂര്യനോട് അടുക്കുന്നതും അകന്നുമാറുന്നതും ആയ ദൃശ്യം പലപ്പോഴും കാണാൻ സാധിക്കാറുണ്ട് എന്നും ഗവേഷകർ പറയുന്നുണ്ട്. ഈ കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ അമീര്‍ സിറാജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സെഡ്നോയിഡുകള്‍ എന്നറിയപ്പെടുന്ന ഒമ്പത് വിദൂര വസ്തുക്കളെ നിരീക്ഷിച്ചു.

സെഡ്നോയിഡുകൾ സാധാരണയായി 400 au - അസ്‌ട്രോണിക്കൽ യൂണിറ്റുകൾക്ക് അപ്പുറത്തേക്ക് പരിക്രമണം ചെയ്യാറുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളുമായി അത്ര അകലെ അല്ലാത്ത ദൂരത്തിൽ ആണ് അവ നിലകൊള്ളുന്നത് എന്നാണ് ഗവേഷകർക്ക് മനസിലായത്. എന്നിരുന്നാലും സൂര്യന് ഇത് മൂലം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല എന്ന് അവർ കണ്ടെത്തുകയും ചെയ്തു. പിന്നീട് എന്തുകൊണ്ട് അവ സൂര്യനിൽ നിന്നകന്നു പോയി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ശാസ്ത്രജ്ഞർ ഇപ്പോഴും. സൗരയൂഥം രൂപപ്പെട്ട് 50 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ തന്നെ സൂര്യൻ അതിന്റെ നക്ഷത്രസമൂഹത്തിൽ നിന്ന് വേർപെട്ട് പോയതുകൊണ്ട് ആകാം മറ്റു വസ്തുക്കളും ചെറു നക്ഷത്രങ്ങളും ആയുള്ള ബന്ധം വിട്ടത് എന്നാണ് നിഗമനം. അങ്ങനെയാണെങ്കിൽ, കൃത്യം എത്ര സമയം എടുത്താണ് അത് സംഭവിച്ചതെന്നുള്ള അന്വേഷണത്തിലാണ് ഗവേഷകർ.
Content Highlights : Sun had siblings but they didn't stay together for long, says the new study