

കൊച്ചി: സംസ്ഥാനത്ത് വൈകീട്ട് വീണ്ടും സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയുടെ ഇടിവാണ് വൈകീട്ട് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ പവന്‍ വില 1,04,080 രൂപയിലേക്ക് എത്തി. ഗ്രാമിന് 5 രൂപ ഉയർന്ന് 13,010 രൂപയുമായി. ഇന്ന് രാവിലേയും സ്വർണവില ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞ് 13,110 രൂപയിലേക്ക് വിപണിവില എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞ് 1,04,880 രൂപയുമായി നിരക്ക്. ഇവിടെ നിന്നുമാണ് സ്വർണവില വൈകീട്ട് വീണ്ടും ഇടിഞ്ഞത്.
റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ജൂണ്‍ മാസത്തില്‍ ആശ്വാസകരമായ ഇടിവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. ഈ വർഷം മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 10 ഗ്രാമിന് 1,92,991 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തിയ സ്വർണ്ണവില, ഇപ്പോൾ ഏകദേശം 1,43,610 രൂപ നിലവാരത്തിലേക്ക് താഴേക്കുവന്നു. അതായത് വിപണിയിൽ 10 ഗ്രാമിന് 49,400 രൂപയോളമാണ് കുറഞ്ഞത്. കേരളത്തിലെ സാധാരണക്കാരുടെ കണക്കിലേക്ക് മാറ്റിയാൽ, പവന് ശരാശരി 25000 രൂപയോളമാണ് റെക്കോർഡ് വിലയിൽ നിന്നും നിലവിൽ കുറഞ്ഞിരിക്കുന്നത്. പവന്‍ വില 1,02,760 രൂപയിലേക്ക് എത്തിയ സമയത്ത് ഇത് 28000 എന്ന നിലയിലേക്കും ഉയർന്നിരുന്നു. ജനുവരി 29 ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില.
യു.എസ് പലിശനിരക്കിലെ മാറ്റങ്ങൾ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തന്നെ നിലനിർത്തിയേക്കുമെന്ന സൂചനകളാണ് വിപണിയെ സ്വാധീനിക്കുന്നത്. പലിശനിരക്ക് കൂടുമ്പോൾ നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് പണം പിൻവലിച്ച് മറ്റ് ബോണ്ടുകളിലേക്ക് മാറ്റും.
ശക്തമാകുന്ന യു.എസ് ഡോളർ: രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നവർക്ക് ചിലവേറി. ഇത് സ്വർണ്ണത്തിന്റെ ആവശ്യകത കുറച്ചു.
സംഘർഷങ്ങളിലെ അയവ്: യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങളിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യത തെളിഞ്ഞതോടെ വിപണിയിലെ ആശങ്കകൾ കുറഞ്ഞു. യുദ്ധഭീതി ഒഴിഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് കുറയാൻ കാരണമായി.
തുടർച്ചയായ നാലാം മാസമാണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. വിപണി വിദഗ്ദ്ധരുടെ നിരീക്ഷണം അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലെ വില വ്യതിയാനം അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക വിവരങ്ങളെ (US non-farm payrolls, inflation data) ആശ്രയിച്ചിരിക്കും. രാജ്യാന്തര വിപണിയിൽ കോമെക്സ് (COMEX) സ്വർണ്ണവില ഔൺസിന് 4,000 ഡോളർ എന്ന ശക്തമായ സപ്പോർട്ട് ലെവലിലാണ് ഉള്ളത്. ഇത് ഭേദിച്ച് താഴേക്ക് പോയാൽ രാജ്യാന്തര വിപണിയിൽ വില 3,600 ഡോളർ വരെ ഇടിയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ആഭ്യന്തര വിപണിയിലും പവന്റെ വിലയിൽ വലിയ കുറവ് പ്രതീക്ഷിക്കാം.
വരും ദിവസങ്ങളിൽ അമേരിക്കയിലെ പണപ്പെരുപ്പം കുറയുകയും തൊഴിൽ വിപണി തണുക്കുകയും ചെയ്താൽ സ്വർണ്ണവില വീണ്ടും ഔൺസിന് 4,150 ഡോളർ മുതൽ 4,250 ഡോളർ വരെ ഉയർന്നേക്കാം. ഡോളർ ദുർബലമായാൽ ഈ വർഷം അവസാനത്തോടെ രാജ്യാന്തര വില വീണ്ടും $5,000 എന്ന നിരക്കിലേക്ക് തിരിച്ചെത്താമെന്നും ചില വിശകലന വിദഗ്ദ്ധർ കരുതുന്നു.
Content Highlights: Gold prices in Kerala declined again during evening trading, with the price of a 22-carat pavan falling by ₹400 to ₹1,04,080. The 22-carat gold rate stood at ₹13,010 per gram after the revision. Despite the latest decline, gold prices remain below the recent record high while continuing to reflect fluctuations in the bullion market.