25 കോടിയലധികം കളക്ഷന്‍ നേടി 'ബാലന്‍'; ചിത്രത്തിലെ 'എങ്ങോട്ടാ..' വീഡിയോ ഗാനം എത്തി

ആഗോള തലത്തിലുള്ള പ്രേക്ഷകരില്‍ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ബാലന്‍ കുതിപ്പ് തുടരുന്നത്

25 കോടിയലധികം കളക്ഷന്‍ നേടി 'ബാലന്‍'; ചിത്രത്തിലെ 'എങ്ങോട്ടാ..' വീഡിയോ ഗാനം എത്തി
dot image

ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍- ദി ബോയ്' ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചു കൊണ്ട് പ്രദര്‍ശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരില്‍ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ബാലന്‍ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായി മാറിയ 'എങ്ങോട്ടാ' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഗാനത്തിന് വരികള്‍ രചിച്ചത് അന്‍വര്‍ അലിയും ഗാനം ആലപിച്ചത് സുഷിന്‍ ശ്യാമുമാണ്. സുഷിന്‍ ശ്യാം തന്നെയാണ് പാട്ടിന് സംഗീതം പകര്‍ന്നതും. സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകനും എങ്ങോട്ടെന്നില്ലാതെ നടത്തുന്ന യാത്രകളും, ആ യാത്രയില്‍ അവര്‍ നേരിടുന്ന സംഭവങ്ങളുമാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്ന ഈ ഗാനം മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങള്‍ ഒരുക്കിയത്.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ 'താക്കോല്‍' എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം വൈകാരിക നിമിഷങ്ങള്‍ കൊണ്ടും, നിഗൂഢതകൊണ്ടും ഒരു ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്.

ജൂണ്‍ 19-ന് ആഗോള റിലീസായി എത്തിയ ചിത്രം ഏവരില്‍ നിന്നും പ്രശംസ നേടി നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവിടെയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി., ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തി കൈയടി നേടി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്.

ഛായാഗ്രഹണം- ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടര്‍/ എക്സികുട്ടീവ് പ്രൊഡ്യൂസര്‍- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി- ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ്- സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ്.കെ. ശ്രീരാഗ്, കളറിസ്റ്റ്- ശ്രീക് വാര്യര്‍, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ. സുരേഷ്, പിആര്‍ഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്.

Content Highlights: 'Balan' has collected over 25 crores; The video song 'Engottha..' from the film is out. Balan continues to grow as one of the best films in the history of Malayalam cinema, receiving applause from the global audience.

dot image
To advertise here,contact us
dot image