

കുവൈറ്റിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഉയർന്ന സർവീസ് ചാർജ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് എന്നിവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിവേദനം നൽകിയത്.
നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന് പകരം ജൂലൈ ഒന്ന് മുതൽ ചുമതലയേൽക്കുന്ന 'ഡൂ ഡിജിറ്റൽ ഗ്ലോബൽ' കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്കാരത്തോടെ എല്ലാ സേവനങ്ങളും ചേർത്ത് ആറ് ദിനാറായാണ് ഉയരുന്നത്. ഇതിനുപുറമേ, പല സേവനങ്ങളും നിർബന്ധമായി സ്വീകരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാകുന്നതോടെ അപേക്ഷകർ വലിയ തുക അധികമായി നൽകേണ്ടി വരുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പശ്ചിമേഷ്യയിലെ യുദ്ധപശ്ചാത്തലത്തിൽ തൊഴിൽ നഷ്ടം, ഉയർന്ന റെസിഡൻസ് വിസ ചാർജ്, ഇൻഷുറൻസ് തുക, സ്കൂൾ ഫീസ് വർദ്ധനവ് ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ സഹായിക്കാൻ ഈ അധിക സർവീസ് ചാർജ് പിൻവലിക്കണമെന്നാണ് പ്രവാസി ലീഗൽ സെല്ലിന്റെ ആവശ്യം. കൂടാതെ, പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂർണ്ണമായും നിർത്തലാക്കി ദജീജിലേക്ക് മാറ്റുന്നത് സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ യാത്രാച്ചെലവ് ഉണ്ടാക്കും. അതിനാൽ സേവന കേന്ദ്രം അബ്ബാസിയയിൽ തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ രാജ്യങ്ങളിൽ വളരെ കുറഞ്ഞ നിരക്കിൽ ഈ സേവനങ്ങൾ ലഭ്യമാകുമ്പോഴാണ് കുവൈറ്റിൽ മാത്രം ഇത്തരമൊരു ഭീമമായ വർദ്ധനവ് നടപ്പാക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, പുതുതായി നിശ്ചയിച്ച ആറ് ദിനാർ സർവീസ് ചാർജ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: The Expat Legal Cell has called for the withdrawal of the revised fees for Indian passport and visa services in Kuwait. The organization said the hike places an additional financial burden on expatriates and requested the authorities to reconsider the decision.