'മതനിന്ദാപരമായ' ഉള്ളടക്കം സംപ്രേഷണം ചെയ്തെന്ന് ആരോപണം: പാകിസ്താനിൽ ജിയോ ന്യൂസിന് 15 ദിവസം വിലക്ക്

പാകിസ്താനിലെ മാധ്യമ നിയന്ത്രണ അതോറിറ്റിയായ PEMRAയാണ് നടപടി സ്വീകരിച്ചത്

'മതനിന്ദാപരമായ' ഉള്ളടക്കം സംപ്രേഷണം ചെയ്തെന്ന് ആരോപണം: പാകിസ്താനിൽ ജിയോ ന്യൂസിന് 15 ദിവസം വിലക്ക്
dot image

ഇസ്‌ളാമാബാദ്: 'മതനിന്ദാപരമായ' ഉള്ളടക്കം സംപ്രേഷണം ചെയ്തെന്നാരോപിച്ച് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിന് 15 ദിവസത്തേക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തി. പാകിസ്താനിലെ മാധ്യമ നിയന്ത്രണ അതോറിറ്റിയായ PEMRAയാണ് നടപടി സ്വീകരിച്ചത്. മുഹറം പ്രത്യേക പരിപാടികളുടെ ഭാഗമായി ജൂൺ 26-ന് സംപ്രേഷണം ചെയ്ത "സഫർ-എ-ഇഷ്‌ക്" എന്ന പരിപാടിയിൽ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നാണ് PEMRAയുടെ ആരോപണം. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഈ നടപടി രാജ്യത്തെ "ഹൈബ്രിഡ് ഭരണകൂടത്തിന്റെ" മറ്റൊരു ഉദാഹരണമാണെന്നാണെന്ന ആരോപണം ഇതിനകം ഉയ‍ർന്നിട്ടുണ്ട്.

പരിപാടിയിൽ ഉപയോഗിച്ച ചില മതപരമായ ദൃശ്യാവിഷ്‌കാരങ്ങൾ പ്രേക്ഷകരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനും മതസൗഹാർദ്ദം തകർക്കാനും പൊതുസമാധാനത്തിനും നിയമ-ക്രമത്തിനും ഭീഷണിയാകാനും സാധ്യതയുള്ളതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ PEMRA വ്യക്തമാക്കിയിരിക്കുന്നത്.

സംഭവിച്ചത് ഒരു എഡിറ്റോറിയൽ പിഴവാണെന്ന് സമ്മതിച്ച ജിയോ ന്യൂസ് വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഇറാഖിലും പശ്ചിമേഷ്യയിലെ ചില പ്രദേശങ്ങളിലും വളരെ ചെറിയൊരു വിഭാഗം ആളുകൾ പിന്തുടരുന്ന മതാചാരങ്ങളെ രേഖപ്പെടുത്തുന്നതിനായി മാത്രമായിരുന്നു സംപ്രേഷണം ചെയ്ത ദൃശ്യങ്ങളുടെ ഉദ്ദേശം എന്നായിരുന്നു ചാനലിൻ്റെ വിശദീകരണം. ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തെയോ വ്യാഖ്യാനത്തെയോ പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ചാനൽ വ്യക്തമാക്കി. ഈ സംഭവം സ്ഥാപനത്തിന്റെ എഡിറ്റോറിയൽ നയത്തെയോ ആശയപരമായ നിലപാടിനെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ജിയോ ന്യൂസ് അറിയിച്ചു. വിവാദ ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്തതായും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാനൽ അറിയിച്ചിട്ടുണ്ട്. എഡിറ്റോറിയൽ പരിശോധന ശക്തിപ്പെടുത്തുന്നതിനായി അധിക പരിശോധനാ സംവിധാനങ്ങളും ജീവനക്കാർക്ക് പരിശീലനവും കർശനമായ മാർഗനിർദേശങ്ങളും നടപ്പാക്കുമെന്നും ചാനൽ വ്യക്തമാക്കി.

നേരത്തെമേയ് മാസത്തിൽ ഗായിക ആശാ ഭോസ്ലെയുമായി ബന്ധപ്പെട്ട ഉള്ളടക്കം സംപ്രേഷണം ചെയ്തതിന്റെ പേരിലും PEMRA ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ പാകിസ്താനിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് ജിയോ ന്യൂസിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ ഉയരുന്ന ഘട്ടങ്ങളിൽ പാകിസ്താനിലെ ടെലിവിഷൻ ചാനലുകൾക്ക് വിലക്കുകളും നിയന്ത്രണങ്ങളും പതിവായി നേരിടേണ്ടി വരാറുണ്ട്. 'റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' (RSF) പ്രസിദ്ധീകരിച്ച 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ, 180 രാജ്യങ്ങളിൽ പാകിസ്താൻ 153-ാം സ്ഥാനത്താണ്.

Content Highlights: Pakistan's media regulator has suspended Geo News for 15 days over allegations of broadcasting blasphemous content. The decision has sparked discussions on media freedom, censorship, and religious sensitivity in the country.

dot image
To advertise here,contact us
dot image