ശ്രദ്ധയമായി യുഎഇയുടെ നീക്കം: 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതിയ ചട്ടക്കൂട്

സൈബർ തട്ടിപ്പ്, ചൂഷണങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ തീരുമാനം സഹായകമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ശ്രദ്ധയമായി യുഎഇയുടെ നീക്കം: 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതിയ ചട്ടക്കൂട്
dot image

ദുബായ്: യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി നിശ്ചയിച്ച യുഎഇയുടെ നടപടി ശ്രദ്ധേയമാകുന്നു. സൈബർ തട്ടിപ്പ്, ചൂഷണങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ തീരുമാനം സഹായകമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാതാപിതാക്കളും ഈ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.


സോഷ്യൽ മീഡിയ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികളിൽ മാനസിക പിരിമുറുക്കമുണ്ടാകുകയും തെറ്റായ രീതീയിലുള്ള സ്വാധീനം ചെലുത്താൻ ഇടവരുകയും ചെയ്യും. അതുകൊണ്ട് തന്നെ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പരിധി വരെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികളിലെ ഡിജിറ്റല്‍ ജീവിതത്തെ തടയുകയല്ല, മറിച്ച് സുരക്ഷിതമായ രീതിയില്‍ അവ ഉപയോരിക്കുന്നതിലും സ്വകാര്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഇത്തരം നിയമങ്ങൾ ലക്ഷ്യം വെക്കുന്നത്. ഏറ്റവും ആവശ്യമായ നടപടിയാണിതെന്നാണ് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങാനോ, ഉപയോഗിക്കാനോ അതിന്റെ പൂര്‍ണ്ണമായ ഫീച്ചറുകള്‍ ലഭ്യമാക്കാനോ അനുമതിയില്ല എന്ന ഉത്തരവ് യുഎഇ കാബിനറ്റ് പുറപ്പെടുവിച്ചത്.

15നും 16-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമെ സമൂഹമാധ്യമങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള ഫീച്ചറുകള്‍ ഒഴിവാക്കുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനുള്ള 'പാരന്റല്‍ കണ്‍ട്രോള്‍' ടൂളുകള്‍ ലഭ്യമാക്കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കത്.

പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് 12 മാസത്തെ സമയം യുഎഇ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതില്‍ യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടര്‍ന്നാണ് യുഎഇയും ഇപ്പോള്‍ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.

2024ല്‍ നടന്ന ഒരു സര്‍വേ പ്രകാരം യുഎഇയിലെ കുട്ടികള്‍ പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറോളമാണ് സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന വൈകല്യങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ സംസാരിക്കാനുള്ള വൈകല്യം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎഇ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വന്നത്.

Content Highlights: The UAE has introduced a social media age limit as part of efforts to improve children's online safety

dot image
To advertise here,contact us
dot image