

തിരുവനന്തപുരം: വിരമിക്കല്‍ ദിനത്തില്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലരുടെ പടിയിറക്കത്തെ സമൂഹത്തെ വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണുമെന്നുമാണ് പ്രശാന്തിന്റെ കുറിപ്പ്. ഇക്കൂട്ടര്‍ ഒരു പൊതുസേവകന്‍ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണമായിട്ടായിരിക്കും ചരിത്രത്തില്‍ അവശേഷിക്കുക. കാലത്തിന്റെ വിചാരണയില്‍ നിന്നും ആര്‍ക്കും ഒളിച്ചോടാനാകില്ലെന്നും പി എസ് പ്രശാന്ത് രൂക്ഷമായി വിമര്‍ശിച്ചു.
അധികാരക്കസേരകള്‍ താല്‍ക്കാലിക താവളങ്ങള്‍ മാത്രമാണെന്ന സത്യം ഓര്‍ക്കാതെ പോകരുത്. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോല്‍ കയ്യിലിരിക്കുമ്പോള്‍ താന്‍ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഫയലുകള്‍ക്ക് മുകളില്‍ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം. യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും കപടമായ ആചാരങ്ങള്‍ മാത്രമാണ്. പണത്തോടുള്ള ആര്‍ത്തിയേക്കാള്‍ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം എന്നും പ്രശാന്ത് കുറിച്ചു. ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ഇന്ന് സെക്രട്ടറിയേറ്റില്‍ നടക്കാനിരിക്കെ ആണ് ഫേസ്ബുക്ക് പോസ്റ്റ്.
'സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധര്‍മ്മത്തിന് കൂട്ടുനില്‍ക്കുന്നതും, തെറ്റ് ചെയ്യാന്‍ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാന്‍ നല്ലതെന്ന് ഇവര്‍ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തില്‍ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യും. വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്നാണ് ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകള്‍ക്ക് 'കര്‍ക്കശനിലപാട്' എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് 'ഭരണപരമായ ദൃഢത' എന്നും, ചെയ്തുകൂട്ടിയ അഴിമതികള്‍ക്ക് 'സാമര്‍ത്ഥ്യം' എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാന്‍ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങില്‍ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവര്‍ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം', പ്രശാന്ത് കുറിച്ചു.
Content Highlights: N Prashanth IAS Targets Chief Secretary A Jayathilak on Retirement Day