

ദുബായ് മലയാളികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു. വേനൽക്കാല അവധിയും മറ്റും വരുന്നതിനിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നത്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികൾ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനിടെ കൂടിയാണ് ടിക്കറ്റ് നിരക്കുകൾ കുറയുന്നത്.
മലയാളികൾക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിർഹം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 2600 ദിർഹം വരെയായി കുറഞ്ഞിരിക്കുകയാണ്. കൂടുതൽ വിമാനങ്ങൾ വന്നതും സീറ്റിംഗ് കപ്പാസിറ്റി ഉയർന്നതുമാണ് നിരക്ക് കുറയാൻ കാരണമെന്നാണ് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്കുകൾ ഇതിനും കുറവായിരുന്നു എന്നും അവർ പറഞ്ഞു.
ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ റൂട്ടിൽ തന്നെയാണ് നിരക്ക് കുറഞ്ഞത് എന്നതാണ് ആശ്വാസകരം. വേനൽക്കാല അവധിയായതിനാൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ സാധാരണ ടിക്കറ്റ് നിരക്കുകൾ ഉയരാറാണ് പതിവ്. എന്നാൽ വരുംദിവസങ്ങളിൽ നിരക്കുകൾ വർധിച്ചേക്കാനും സാധ്യതയുണ്ട് എന്നും വിലയിരുത്തലുണ്ട്. അടുത്ത ആറാഴ്ചയ്ക്കിടയിൽ ടിക്കറ്റ് നിരക്കുകൾ സാധാരണയിലേക്കെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ സർവീസുകൾ സാധാരണനിലയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഇത്.
അതേസമയം, യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ മുന്നേറ്റങ്ങളിലൊന്നായ 'ഇത്തിഹാദ് റെയിൽ' പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഫുജൈറയിൽ നിന്ന് ആരംഭിച്ച് അബുദാബി വരെയുള്ള സർവീസുകളാണ് ട്രാക്കിലിറങ്ങുക. റോഡ് മാർഗ്ഗം മണിക്കൂറുകൾ എടുക്കുന്ന ഈ ദൂരം വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ വഴി യാത്രക്കാർക്ക് എത്തിച്ചേരാനാകും.
Content Highlights: Flight fares between Dubai and Kerala are witnessing a decline, offering relief to Malayali expatriates. The fare reduction comes as airlines restore services ahead of the busy July-August travel season. Increased flight availability and improved connectivity are expected to make travel more affordable for passengers planning trips during the holiday period.