പുതിയ ഐഫോണിന്റെ സകല വിവരങ്ങളും ഡാർക്ക് വെബിൽ; ടാറ്റയ്ക്ക് പണികിട്ടുമോ? ഡിസൈൻ അടക്കം ചോർന്നു

ആപ്പിളിന്റെ ബിസിനസ് വിവരങ്ങളും ചോർന്നിട്ടുണ്ട്

പുതിയ ഐഫോണിന്റെ സകല വിവരങ്ങളും ഡാർക്ക് വെബിൽ; ടാറ്റയ്ക്ക് പണികിട്ടുമോ? ഡിസൈൻ അടക്കം ചോർന്നു
dot image

ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കാരായ ടാറ്റ ഇലക്ട്രോണിക്സിൽ നടന്ന ഹാക്കിങ് മൂലം ആപ്പിളിന്റെ നിർണായക വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഐഫോൺ 18ന്റെ ചിത്രങ്ങൾ, നിർമാണത്തിനുപയോഗിക്കുന്ന ഘടകങ്ങൾ, മറ്റ് വിതരണക്കാർ തുടങ്ങിയവരുടെ നിർണായക വിവരങ്ങളാണ് ചോർന്നത്. നിർണായക വിവരങ്ങൾ ചോർന്നതോടെ ആപ്പിൾ അതൃപ്തിയിലാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ആപ്പിളിന്റെ ബിസിനസ് വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. നിരവധി വിതരണക്കാർക്കിടയിൽ നിന്നാണ് ആപ്പിൾ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളും മറ്റും ശേഖരിക്കുന്നത്. ചില രാജ്യങ്ങളിൽ ഐഫോൺ നിർമിക്കാൻ മറ്റ് പല കമ്പനികളെയും ഏൽപ്പിക്കാറുമുണ്ട്. ഈ വിവരങ്ങൾ അടക്കം ചോർന്നതോടെ ആപ്പിളും ടാറ്റയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി എന്താകും എന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണ്. ആപ്പിളിന് നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ വിതരണം ചെയ്യുന്നതും, ഐഫോണിന്റെ കരാർ നിർമാണം ഏറ്റെടുത്തിരിക്കുന്നതും ടാറ്റയാണ്. ചൈനക്ക് പുറത്തെ ആപ്പിളിനേറ്റ ഏറ്റവും വലിയ നിർമ്മാതാവാണ് ടാറ്റ.

സെപ്റ്റംബറിൽ ഐഫോൺ 18 പുറത്തിറങ്ങാനിരിക്കെയാണ് ചോർച്ച ഉണ്ടാകുന്നത്. രണ്ട് ലക്ഷം ഫയലുകളാണ് ടാറ്റയിൽ നിന്ന് ഹാക്കർമാർ ചോർത്തിയത്. ഡാർക്ക് വെബ്ബിലാണ് ഫയലുകൾ പ്രത്യക്ഷപ്പെട്ടത്. ഐഫോണിന്റെ ഡിസൈൻ, ടെക്‌നോളജി വിതരണക്കാർ തുടങ്ങിയവരുടെയെല്ലാം വിവരങ്ങൾ ചോർന്നിട്ടുണ്ട്. ഐഫോൺ 18ന്റെ സ്പെസിഫിക്കേഷനുകൾ, ഘടകങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ, പ്രധാനപ്പെട്ട സർക്യൂട്ട് ബോർഡ്, ക്യാമറയുടെ വിവരങ്ങൾ എന്നിവയും ചോർന്ന രേഖകളിൽ ഉണ്ട്.

Also Read:

ചോർച്ചയെ ആപ്പിൾ വളരെ ഗൗരവതാരമായാണ് കാണുന്നത്. ഇനിയും പുറത്തിറങ്ങാത്ത മോഡലിന്റെ വിവരങ്ങൾ ചോർന്നത് ആപ്പിളിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത കമ്പനി രഹസ്യങ്ങൾ, വാട്ടർമാർക്ക് അടങ്ങിയ രേഖകൾ, കോഡ് നാമങ്ങൾ എന്നിവയെല്ലാമാണ് ചോർന്നിട്ടുള്ളത്. 'വേൾഡ് ലീക്സ്' എന്ന സംഘമാണ് പ്രധാനപ്പെട്ട രേഖകൾ ചോർത്തിയതിന് പിന്നിൽ. മുൻപ് സ്പോർട്സ് ബ്രാൻഡ് ആയ നൈക്കിയുടെ വിവരങ്ങൾ വേൾഡ് ലീക്സ് ചോർത്തിയിരുന്നു. സംഭവത്തിൽ ആപ്പിൾ ടാറ്റായുടെ ചേർന്ന് ചോർച്ച അന്വേഷിക്കുകയാണ്.

Content Highlights: A reported cyberattack on Apple supplier Tata Electronics has allegedly exposed confidential Apple data, including iPhone 18 images, component details and supplier information.

dot image
To advertise here,contact us
dot image