

കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.
അതേസമയം കോടതി നിര്‍ദേശപ്രകാരം കേസെടുത്താലും നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അതേ പൊലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കുകയെന്ന ആശങ്ക അന്‍സിബയുടെ അഭിഭാഷകന്‍ പങ്കുവെച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ടിനിടോമിനെ സഹായിക്കാം. എന്നാല്‍ അതുകൊണ്ടൊന്നും കേസ് അവസാനിക്കാന്‍ പോകുന്നില്ല. അവസാനം വരെ പോരാടുമെന്നാണ് അന്‍സിബ പറഞ്ഞതെന്നും അഭിഭാഷകന്‍ ഫിര്‍ദൗസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ടിനിടോമിനെ കണ്ണടച്ചു സഹായിക്കുന്ന റിപ്പോര്‍ട്ട് ആണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. വായിച്ചാല്‍ ഞെട്ടിപ്പോകും. നീനാകുറുപ്പ് അത്തരമൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കേട്ടകാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറാണെന്ന് നീനക്കുറുപ്പ് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്', അഭിഭാഷകന്‍ പറഞ്ഞു.
മറ്റൊരാള്‍ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു കടവന്ത്ര പൊലീസ് എറണാകുളം എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.
ഇതിന് പിന്നാലെ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തുകയും ചെയ്തിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടര്‍ന്ന് ടിനി ടോമിനെ പിന്തുണച്ചും എതിര്‍ത്തും അമ്മ സംഘടനയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: A court has directed the registration of a case against actor Tiny Tom based on a complaint filed by actress Ansiba