

നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് കേന്ദ്ര സർക്കാരിന്റെയും ഔട്ട്‌സോഴ്‌സിങ് ഏജൻസികളുടെയും കടുംവെട്ട്. ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര നടപടിക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ കോൺസുലർ സേവന നിരക്കുകളും ഇരട്ടിയാകുന്നു. പാസ്‌പോർട്ട്, കോൺസുലർ സേവന കേന്ദ്രങ്ങളിലെ സർവീസ് ചാർജ് കുത്തനെ ഉയർത്തിയതോടെ പ്രവാസികൾക്ക് ഇനി ഇരട്ട ചെലവാണ് വഹിക്കേണ്ടി വരിക.
പ്രവാസികളുടെ പോക്കറ്റ് ചോർത്തുന്ന പ്രഖ്യാപനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി വരുന്നത്. നാട്ടിൽ സാധാരണ പാസ്‌പോർട്ട് ഫീസ് 1500-ൽ നിന്ന് 2500 രൂപയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒറ്റയടിക്ക് വർദ്ധിപ്പിച്ചു. വിദേശത്ത് നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു പ്രവാസി കുടുംബത്തിന്റെ പാസ്‌പോർട്ട് ഒന്നിച്ച് പുതുക്കേണ്ടി വരുമ്പോൾ വലിയൊരു തുക ഫീസിനത്തിൽ മാത്രം അധികമായി കണ്ടെത്തേണ്ടി വരും. അടിയന്തര ആവശ്യങ്ങൾക്കുള്ള തത്കാൽ നിരക്കിലും വൻ വർദ്ധനയാണ്.
ഇതിനു പിന്നാലെയാണ് കുവൈറ്റിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ സേവനദാതാക്കളായ ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ സർവീസ് ചാർജ് കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. കമ്പനി പ്രസിദ്ധീകരിച്ച നിരക്ക് പട്ടിക പ്രകാരം നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ് ആറു ദിനാറായി ഉയരും. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഐച്ഛികമായി ലഭ്യമായിരുന്ന ചില സേവനങ്ങൾ പുതിയ സംവിധാനത്തിൽ നിർബന്ധിതമാക്കിയതും പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
അതേസമയം, യുഎഇയിൽ പുതുതായി ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ആരംഭിക്കുന്ന അൽഹിന്ദ് കമ്പനി സർവീസ് ചാർജായി 19 ദിർഹം, അതായത് ഏകദേശം ഒന്നേ മുക്കാൽ കുവൈത്തി ദിനാർ മാത്രമാണ് ഈടാക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സർവീസ് ചാർജ് മൂന്ന് ഇരട്ടിയിൽ അധികമാണ്.
പാസ്‌പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് കോൺസുലർ സേവനങ്ങൾക്കും സമാന രീതിയിൽ സർവീസ് ചാർജ് വർധന ബാധകമാക്കും.കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയും വിവിധ ആവശ്യങ്ങൾക്കായി പതിവായി രേഖകൾ അറ്റസ്റ്റ് ചെയ്യേണ്ടി വരുന്ന നഴ്സുമാരെയും മറ്റ് പ്രൊഫഷണലുകളെയുമാണ് ഇത് കൂടുതൽ ബാധിക്കുക. കുവൈറ്റിലെ അബ്ബാസിയയിൽ പ്രവർത്തിച്ചിരുന്ന പാസപോർട്ട് കേന്ദ്രം ദജീജിലേക്ക് മാറ്റി. ഇതിന് പുറമെ ഫഹാഹീൽ, കുവൈറ്റ് സിറ്റി, ജഹ്റ എന്നീ കേന്ദ്രങ്ങളിലും പാസപോർട്ട് സേവനങ്ങൾ ലഭിക്കും.
Content Highlights: Indian expatriates are set to incur higher expenses following an increase in passport application fees and a hike in consular service charges in Kuwait. The revised rates will affect passport renewals, visa-related services, and other essential consular procedures, adding to the financial burden on the expatriate community.