പൊതുവഴിയിൽ അപകടകരമായ ഡ്രൈവിങ്; അബുദാബിയിൽ യുവാവിന് കടുത്ത ശിക്ഷ

ശിക്ഷാ കാലാവധിക്ക് പുറമെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി നിർദ്ദേശിച്ചു.

പൊതുവഴിയിൽ അപകടകരമായ ഡ്രൈവിങ്; അബുദാബിയിൽ യുവാവിന് കടുത്ത ശിക്ഷ
dot image

അബുദാബിയിൽ പൊതുവഴിയിൽ മറ്റുള്ളവർക്ക് ഭീതിയുണ്ടാക്കും വിധം അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് കോടതി. അബുദാബി ക്രിമിനൽ കോടതിയുടേതാണ് ഈ കർശന ഉത്തരവ്. ശിക്ഷാ കാലാവധിക്ക് പുറമെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി നിർദ്ദേശിച്ചു.

റോഡിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുകയും മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് യുഎഇ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ കോടതിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു. ട്രാഫിക് നിയമലംഘനത്തിന് 50,000 ദിർഹമാണ് കോടതി ആദ്യം പിഴ ചുമത്തിയത്. എന്നാൽ, പ്രതി ഓടിച്ചിരുന്ന കാർ മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ 20,000 ദിർഹം കൂടി കോടതി അധികമായി ചുമത്തുകയായിരുന്നു. ഇതോടെയാണ് ആകെ പിഴ 70,000 ദിർഹമായി ഉയർന്നത്.

റോഡിലെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ കൃത്യമായ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതിക്കെതിരെയുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തി എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ യുഎഇ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Authorities in Abu Dhabi have imposed a severe penalty on a young man for driving dangerously on a public road. The action underscores the emirate's commitment to road safety and strict enforcement against reckless driving.

dot image
To advertise here,contact us
dot image