

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊര്‍ജം, നയതന്ത്ര സഹകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സുപ്രധാനമായ നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
അഞ്ച് രാജ്യങ്ങളിലായി നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധിക്കിടെയാണ് പ്രധാന മന്ത്രിയുടെ യുഎഇ സന്ദര്‍ശനം.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു ഭരണാധികാരികളും വിലയിരുത്തും. ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടത് ഇന്ത്യയുടെ വിദേശ കറന്‍സി കരുതല്‍ ശേഖരത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടാകും. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായ യുഎഇയുമായി ദീര്‍ഘകാല ഊര്‍ജ്ജ പങ്കാളിത്തം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടക്കും.
ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പിടാനും സാധ്യതയുണ്ട്. 45 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന യുഎഇയിലെ പ്രവാസി ക്ഷേമവും ചര്‍ച്ചകളില്‍ ഇടംപിടിക്കും. അഞ്ച് മാസത്തിനുള്ളില്‍ മോദിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ് നാളെ നടക്കാനിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സാങ്കേതിക വിദ്യ, സമ്പദ് വ്യവസ്ഥ അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ചയ്ക്കായി യുഎഇ പ്രസിഡന്റ് ഡെല്‍ഹിയില്‍ എത്തിയിരുന്നു. ഈ മാസം 20 വരെയാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം. യുഎഇയ്ക്ക് പിന്നാലെ നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
Content Highlights: Prime Minister Narendra Modi will visit the UAE tomorrow, where India and the UAE are expected to sign several important agreements to strengthen bilateral cooperation across key sectors.