

യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു. ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കായുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പ്ലാറ്റ്ഫോമിന്റെ അരികുകളില്‍നിന്ന് മാറിനില്‍ക്കണമെന്നും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് വഴി നല്‍കണമെന്നും സ്റ്റേഷനിലെ ഡിജിറ്റല്‍ ബോര്‍ഡുകളിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിൻ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് യാത്രക്കാര്‍ക്കായി സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. റെയില്‍വേ ലൈനുകള്‍ കടന്നുപോകുന്ന മേഖലയില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയന്ത്രിത ട്രാക്കുകളിലേയ്ക്ക് ഒരു കാരണവശാലും പ്രവേശിക്കരുത്. റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ നശിപ്പിക്കരുതെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി. പ്ലാറ്റ്ഫോമിന്റെ അരികുകളില്‍നിന്ന് മാറിനില്‍ക്കണമെന്നും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് വഴി നല്‍കണമെന്നും സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതിന് പുറമെ സ്റ്റേഷനില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ ബോര്‍ഡുകളിലെ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് പൊതുജന അവബോധം വളര്‍ത്തുന്നതിനായി രാജ്യവ്യാപകമായി ആരംഭിച്ച ക്യാെമ്പയ്‌നിന്റെ ഭാഗമാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഫുജൈറയിലെ ആദ്യ സ്റ്റേഷന്റെ ദൃശ്യങ്ങളും സൗകര്യങ്ങളും അടുത്തിടെ അധികൃതര്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍ പദ്ധതി. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വിവിധ എമിറേറ്റുകള്‍ക്കിടയിലുളള യാത്രാ സമയം വലിയ തോതില്‍ കുറയും.
Content Highlights: Etihad Rail project in the UAE is progressing closer to operational reality as authorities release new safety guidelines to ensure secure and efficient railway operations.