

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയുടെ യാത്ര. നാളെ യുഎഇയില്‍ എത്തുന്ന അദ്ദേഹം മെയ് 15-ന് അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. തന്റെ നാല് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള (നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി) യാത്രയ്ക്കിടയിലാണ് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ നീളുന്ന അബുദാബി സന്ദർശനം നടത്തുന്നത്.
ഈ സന്ദർശന വേളയിൽ ദ്രാവക പെട്രോളിയം വാതകം (LPG), തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം (Strategic Petroleum Reserves) എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ ഏകദേശം 40 ശതമാനവും വിതരണം ചെയ്യുന്നത് യുഎഇയാണ്. കൂടാതെ, കഴിഞ്ഞ വർഷം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 11 ശതമാനം വിഹിതത്തോടെ യുഎഇ ഇന്ത്യയുടെ നാലാമത്തെ വലിയ സ്രോതസ്സായി തുടരുകയാണ്.
മംഗളൂരുവിലെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിൽ 5 ദശലക്ഷം ബാരലിലധികം ക്രൂഡ് ഓയിൽ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്യും. 2018-ൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ISPRL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിൽ ഒപ്പുവെച്ച ഈ കരാർ ഇത്തരത്തിൽ മറ്റൊരു രാജ്യവുമായി ഇന്ത്യ ഏർപ്പെടുന്ന ആദ്യത്തേതാണ്. ഊർജ്ജ മേഖലയിലെ സഹകരണത്തിന് പുറമെ, അബുദാബിയിലെ എണ്ണപ്പാടങ്ങളിൽ ഇന്ത്യൻ കമ്പനികൾ നടത്തുന്ന നിക്ഷേപങ്ങളും ചർച്ചയാകും. അടുത്തിടെ അബുദാബിയിലെ ഓൺഷോർ ബ്ലോക്ക്-1ൽ ബിപിആർഎൽ എണ്ണശേഖരം കണ്ടെത്തിയത് ഇന്ത്യയുടെ അപ്‌സ്ട്രീം നിക്ഷേപങ്ങളിൽ നിർണ്ണായകമായ നേട്ടമാണ്.
പുനരുപയോഗ ഊർജ്ജ (renewable energy) മേഖലയിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വേഗത്തിൽ വർധിച്ചുവരികയാണ്. രാജസ്ഥാനിൽ 60 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി യുഎഇ കമ്പനിയായ മസ്ദാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, ഇരുരാജ്യങ്ങളിലെയും വൈദ്യുതി ഗ്രിഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നു.
വ്യാപാരം, നിക്ഷേപം, യുഎഇയിലുള്ള 4.5 ദശലക്ഷം ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം എന്നിവയും പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC), സെമികണ്ടക്ടർ മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള ആഗോള പ്രാധാന്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രതിഫലിക്കും.
Content Highlights: Prime Minister Narendra Modi is set to visit the UAE, where India and the UAE are expected to sign important agreements in the LPG and crude oil sectors. The proposed deals aim to strengthen energy cooperation and deepen trade ties between the two countries.