

കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായെത്തിയ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിഭാഷക പദവി സംബന്ധിച്ച വിശദാംശങ്ങൾ തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). മമത ബാനർജിയുടെ എൻറോൾമെന്റ് വിശദാംശങ്ങൾ അടക്കം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പശ്ചിമ ബംഗാൾ ബാർ കൗൺസിലിന് നിർദേശം നൽകിയത്.
2011 മുതൽ 2026 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിയുടെ അഭിഭാഷക പദവി സംബന്ധിച്ച യോഗ്യതയിൽ ആശങ്ക അറിയിച്ചാണ് ബിസിഐ പശ്ചിമ ബംഗാൾ ബാർ കൗൺസിലിനോട് വിശദീകരണം ആവശ്യപ്പെട്ടത്. മമതയുടെ എൻറോൾമെന്റ്, പ്രാക്ടീസ്, സസ്പെൻഷൻ, പ്രാക്ടീസ് പുനരാരംഭിക്കൽ എന്നിവയുടെ വസ്തുതാപരമായ രേഖകൾ പരിശോധിക്കണമെന്ന കർശന നിർദേശം നൽകിയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തിയത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിയുടെ മകൻ നൽകിയ പൊതു താത്പര്യ ഹർജി വാദിക്കാനാണ് മമത വക്കിൽ വേഷത്തിൽ ഹൈക്കോടതിയിലെത്തിയത്.
പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ ഫലത്തെ വോട്ടർ പട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) ബാധിച്ചിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. എസ്ഐആറിൻ്റെ ഭാഗമായി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ടിഎംസി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട പെറ്റീഷനുകൾ പരിഗണിക്കുന്ന, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോടാണ് കല്യാൺ ബാനർജി ക്രമക്കേടുകൾ ചൂണ്ടികാണിച്ചത് . തുടർന്ന്, പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റുള്ളവർക്കും വിഷയത്തിൽ പുതുതായി അപേക്ഷകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളും അക്രമങ്ങളും നടന്നെന്ന് ചൂണ്ടികാണിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിനിധി പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. കല്യാൺ ബാനർജിയുടെ മകനും അഭിഭാഷകനുമായ സിർസന്യ ബാനർജിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
എസ്ഐആറിൽ അട്ടിമറി കാണിച്ചാണ് ബിജെപി ബംഗാളിൽ അധികാരത്തിലേറിയതെന്നാണ് തൃണമൂലിൻ്റെ വാദം. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 31 മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം, എസ്ഐആർ നടപടിയുടെ ഭാഗമായി ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവായിരുന്നെന്ന് കല്യാൺ ബാനർജി വ്യക്തമാക്കിയിരുന്നു. ഒരു മണ്ഡലത്തിൽ ടിഎംസിയുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടത് 862 വോട്ടിനാണെന്ന് പറഞ്ഞ ബാനർജി, അവിടെ അയ്യായിരത്തിലേറെ ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നെന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു.
കൂടാതെ, പശ്ചിമബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസവും കല്യാൺ ബാനർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 32 ലക്ഷം വോട്ടുകളുടെ വ്യത്യാസമാണ് ബിജെപിയും ടിഎംസിയും തമ്മിൽ സംസ്ഥാനത്തുള്ളത്. അതേസമയം വോട്ടർപട്ടികയിൽനിന്ന് പേരുനീക്കം ചെയ്യപ്പെട്ടതിനെതിരേ സമർപ്പിക്കപ്പെട്ട അപ്പീലുകളുടെ എണ്ണം 35 ലക്ഷമാണെന്നും വ്യക്തമാക്കിയിരുന്നു.
Content Highlights: Bar Council of India seeks details about former Chief Minister Mamata Banerjee's legal status in Calcutta High Court