

സൗദി അറേബ്യയില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തുന്ന പുതിയ നിയമത്തിന് അംഗീകാരം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റിയല്‍ എസ്റ്റേറ്റ് വിപണിയെ നിയന്ത്രിക്കാനും ആവശ്യകതയും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനും ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ നിയമത്തിന് രൂപം നല്‍കിയത്.
വൈറ്റ് ലാന്‍ഡ്‌സ് ആന്‍ഡ് വെക്കന്റ് റിയല്‍ എസ്റ്റേറ്റ്'' വിഭാഗമാണ് ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പുറത്തു വിട്ടത്. ഇത് അനുസരിച്ച് രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഫീസ് ചുമത്തും. കെട്ടിടത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി അഞ്ച് ശതമാനം വരെ ആയിരിക്കും ഫീസ് ഈടാക്കുക. സമാന കെട്ടിടങ്ങളുടെ നിലവിലെ വാടക അടിസ്ഥാനമാക്കിയായിരിക്കും ഇവയുടെ മൂല്യം നിര്‍ണയിക്കുക.
ദീര്‍ഘകാലമായി നഗരപരിധിക്കുള്ളില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നതും വിപണിയില്‍ ആവശ്യത്തിന് വീടുകളോ കെട്ടിടങ്ങളോ ലഭ്യമാകുന്നതിന് പ്രതികൂലമായി ബാധിക്കുന്നതുമായ കെട്ടിടങ്ങളെയാണ് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഒരു വര്‍ഷത്തിനിടയില്‍ ആറ് മാസം തുടര്‍ച്ചയായോ ഇടവിട്ടോ കെട്ടിടം ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഫീസ് ബാധകമാക്കുക. എന്നാല്‍ താമസ യോഗ്യവും ഉപയോഗ പ്രദവുമായ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഫീസ് ചുമത്തുക എന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.
ഏതൊക്കെ പ്രദേശങ്ങളിലാണ് ഫീസ് ചുമത്തല്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതാത് പ്രദേശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ എണ്ണം അവിടുത്തെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില, താമസച്ചെലവ്, ആവശ്യകതയും ലഭ്യതയും തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കും തീരുമാനം കൈകൊള്ളുക.
Content Highlights: Saudi Arabia has approved a new regulation introducing an annual fee on vacant buildings, aiming to reduce unused properties and improve urban development efficiency.