ജോലി ഉപേക്ഷിക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം; കർശന നിയമങ്ങളുമായി യുഎഇ

നിലവിലെ ജോലി രാജിവെച്ച് പുതിയ ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ജോലി ഉപേക്ഷിക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം; കർശന നിയമങ്ങളുമായി യുഎഇ
dot image

യുഎഇയില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ജോലി ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ പുതിയ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടേക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. നിലവിലെ ജോലി രാജിവെച്ച് പുതിയ ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുഎഇയില്‍ നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് മാറുമ്പോള്‍ എന്തൊക്കെ നടപടി ക്രമങ്ങള്‍ പാലിക്കണം, നോട്ടീസ് പീരീഡ് ഉള്‍പ്പെടെയുള്ള നിബന്ധകള്‍ എന്തൊക്കെയാണ്, തുടങ്ങിയവയാണ് മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം പുതിയ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാകുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കുക, നിലവിലെ തൊഴില്‍ നിയമങ്ങള്‍ പാലിച്ച് രാജി സമര്‍പ്പിക്കുക എന്നിവയാണ് പുതിയ ജോലിയിലേക്ക് മാറുമ്പോള്‍ ഉറപ്പാക്കേണ്ട കാര്യങ്ങള്‍. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാകില്ല. എന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ കൃത്യമായ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം വരെ പുതിയ വര്‍ക്ക് പെര്‍മിറ്റ് നിക്ഷേധിക്കപ്പെട്ടേക്കാം.

തൊഴിലുടമയുടെ പരാതി വിശദമായി പരിശോധിച്ച ശേഷമാകും മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. മറ്റൊരു ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ നിലവിലെ തൊഴിലുടമയ്ക്ക് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് നല്‍കണം. ജോലി ഉപേക്ഷിച്ച് രാജ്യത്ത് നിന്ന് പോകുന്നവര്‍ പ്രൊബേഷന്‍ കാലയളവില്‍ 14 ദിവസത്തെ നോട്ടീസ് നല്‍കിയാല്‍ മതിയാകും. എന്നാല്‍ രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളില്‍ പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍, റിക്രൂട്ട്മെന്റ് ചെലവുകള്‍ സംബന്ധിച്ച നഷ്ടപരിഹാര നിയമങ്ങള്‍ ബാധകമാകും.

റെസിഡന്‍സി വിസയുടെ കാലാവധി അവസാനിച്ചാല്‍ 30 മുതല്‍ 180 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. വിവിധ വിഭാഗങ്ങളെ ആശ്രയിച്ചാണ് കാലപരിധി നിശ്ചയിക്കുകയെന്നും മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image