വാഹന പാർക്കിങ് നിരീക്ഷണം ശക്തമാക്കാൻ ദുബായ്; മൂന്ന് പ്രധാന മേഖലകളിൽ ക്യാമറകൾ സ്ഥാപിക്കും

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താനും അത്യാധുനിക ക്യാമറകള്‍ സഹായിക്കും

വാഹന പാർക്കിങ് നിരീക്ഷണം ശക്തമാക്കാൻ ദുബായ്; മൂന്ന് പ്രധാന മേഖലകളിൽ ക്യാമറകൾ സ്ഥാപിക്കും
dot image

ദുബായിലെ മൂന്ന് പ്രധാന മേഖലകളില്‍ അത്യാധുനിക കര്‍ബ്, പോള്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയുമായി പാര്‍ക്കിങ് സേവന ദാതാക്കളായ പാര്‍ക്കിന്‍. പാര്‍ക്കിങ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ട്രേഡ് സെന്റര്‍, ബുര്‍ജ് ഖലീഫ, അല്‍ കോര്‍ണിഷ് എന്നിവിടങ്ങളിലാണ് അത്യാധുനിക കര്‍ബ് പോള്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കായി തിരയുന്ന സമയം കുറയ്ക്കുക, പിഴകളുടെ അപകടസാധ്യത കുറയ്ക്കുക, പാര്‍ക്കിന്‍ ആപ്പ് വഴി ഓട്ടോപേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് നടപടികള്‍ വേഗതത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ കഴിയും.

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താനും അത്യാധുനിക ക്യാമറകള്‍ സഹായിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. വാഹനങ്ങള്‍ക്ക് നിശ്ചിത സ്ഥലത്തെ പാര്‍ക്കിങ്ങിന് അംഗീകൃത പെര്‍മിറ്റ് ഉണ്ടോയെന്ന് ഉടന്‍ തന്നെ മനസിലാക്കാനും കഴിയും. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി മാറ്റിവച്ച പാര്‍ക്കിങ് സ്ഥലങ്ങളുടെ ദുരുപയോഗം തടയാനും പുതിയ നിരീക്ഷണ സംവിധാനം സഹായിക്കും. ഇതിന് പുറമെ എന്‍ട്രി, എക്സിറ്റ് സമയങ്ങള്‍ കണ്ടെത്തുന്നതിനും പാർക്കിങ് ദൈര്‍ഘ്യം കണക്കാക്കുന്നതിനും പുതിയ നിരീക്ഷണ സംവിധാനത്തിലൂടെ എളുപ്പത്തില്‍ സാധിക്കുമെന്ന് പാര്‍ക്കിന്‍ അധികൃതര്‍ വ്യക്തമാക്കി.

എല്ലാ ക്യാമറകളും പൂര്‍ണമായും സൗരോര്‍ജത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പാര്‍ക്കിന്‍ വാലറ്റ് വഴി ഓട്ടോപേയ്മെന്റ് സാധ്യമാക്കുന്ന തരത്തില്‍ പാര്‍ക്കിന്‍ ആപ്പിനുള്ളില്‍ രണ്ട് സിസ്റ്റങ്ങളും ഇതുമായി പൂര്‍ണ്ണമായും സംയോജിപ്പിച്ചിരിക്കും.

Content Highlights: Dubai authorities have announced plans to install surveillance cameras in three key areas to improve parking monitoring and traffic management while reducing parking-related violations.

dot image
To advertise here,contact us
dot image