

സൗദി അറേബ്യയിലെ നാല് പ്രധാന പ്രവിശ്യകളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. മക്ക, അൽ ബഹ, അസീർ, ജസാൻ എന്നീ മേഖലകളിലാണ് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മേഖലകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മക്ക പ്രവിശ്യയിലെ തായിഫ്, അൽ-അർദിയത്ത്, അദാം, റിമ തുടങ്ങിയ മേഖലകളിലാണ് റെഡ് അലേർട്ട് നിലനിൽക്കുന്നത്. ഇതിന് പുറമെ അൽ-ബഹയിലെ അൽ-ഹജ്‌റ, അസീറിലെ റിജാൽ അൽമ, അൽ-ഹരാജ എന്നീ സ്ഥലങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസാൻ നഗരം, അൽ-ദർബ്, അബു അരിഷ് തുടങ്ങി ജസാൻ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളിലും മഴ കനക്കാനാണ് സാധ്യത.
അതേസമയം, മറ്റ് ചില പ്രധാന മേഖലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മദീനയിലെ അൽ-മഹദ്, അൽ-ഐസ്, ബദർ പ്രദേശങ്ങളിലും മക്കയിലെ അൽ-ജുമും, അൽ-കാമിൽ എന്നിവിടങ്ങളിലുമാണ് ഓറഞ്ച് അലേർട്ടുള്ളത്. കൂടാതെ അൽ-ബഹയിലെ അൽ-അഖീഖ്, അസീറിലെ അൽ-ബിർക്ക് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
മഴ കനക്കുന്നതോടെ താഴ്‌വരകളിലും പ്രധാന റോഡുകളിലും പെട്ടെന്ന് വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. യാതൊരു കാരണവശാലും താഴ്‌വരകളിലോ ('വാദി') വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകി.
Content Highlights: Saudi Arabia’s National Center for Meteorology has issued red alerts for parts of four regions — Makkah, Al-Baha, Asir and Jazan — warning of heavy rain, flash floods, hail and thunderstorms. Orange alerts have also been issued for some areas of Makkah and Madinah.