നിയമലംഘകരെ ജോലിക്കുവെച്ചാൽ പണി കിട്ടും; സൗദിയിൽ കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

നിയമലംഘനത്തിന് ഉത്തരവാദിയായ സ്ഥാപന മാനേജർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും

നിയമലംഘകരെ ജോലിക്കുവെച്ചാൽ പണി കിട്ടും; സൗദിയിൽ കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
dot image

സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകരായ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 1,00,000 റിയാൽ വരെ പിഴയും അഞ്ച് വർഷത്തേക്ക് പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വിലക്കും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സ്വന്തമായി ജോലികൾ ചെയ്യാൻ അനുവാദം നൽകുന്ന സ്ഥാപനങ്ങൾ, മറ്റ് തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നവർ, മറ്റ് കമ്പനികളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ നിയമിക്കുന്നവർ എന്നിവർക്കും ഈ പിഴയും വിലക്കും ഒരുപോലെ ബാധകമായിരിക്കും.

നിയമലംഘനത്തിന് ഉത്തരവാദിയായ സ്ഥാപന മാനേജർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും. മാനേജർ പ്രവാസിയാണെങ്കിൽ തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും ചെയ്യും. കൂടാതെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പേരുകൾ പരസ്യമായി പ്രസിദ്ധപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ ജോലിക്ക് വെക്കുകയോ, അവർക്ക് അഭയം നൽകുകയോ, യാത്ര സൗകര്യം ഒരുക്കുകയോ, ഒളിപ്പിച്ചു വെക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം തേടിയിട്ടുണ്ട്.

നിയമലംഘനങ്ങളെക്കുറിച്ച് വിവരം നൽകാൻ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും സൗദിയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്കെതിരെ യാതൊരു വിധ നിയമനടപടികളും ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia’s Ministry of Interior has issued a strict warning to employers against hiring expatriates who violate regulations or allowing workers to work for other employers without legal authorisation. Violating establishments may face fines of up to SAR 100,000, a recruitment ban of up to five years and other penalties.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us