

സീനിയർ താരം മുഹമ്മദ് റിസ്‌വാനോട് അയയാതെ പാക് ക്രിക്കറ്റ് ബോർഡ്. ഓൺലൈൻ ചൂതാട്ടവും അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാക് താരങ്ങളായ മുഹമ്മദ് റിസ്‍വാനേയും ഇമാം ഉൾ ഹഖിനേയും പാക് സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസി ചോദ്യം ചെയ്തിരുന്നു.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പരസ്യമായി വിശദീകരിക്കാനുള്ള റിസ്‍വാന്റെ നീക്കം തടഞ്ഞിരിക്കുകയാണ് ഇപ്പോൾ മൊഹ്സിൻ നഖ്‍വി തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി പിസിബി നാട്ടിലേക്ക് അയച്ച ഏഴ് താരങ്ങളിൽ റിസ്‍വാനും ഇമാമും ഉൾപ്പെട്ടിരുന്നു. പിന്നാലെയാണ് ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസി ഇരു താരങ്ങളേയും ചോദ്യം ചെയ്തത്.
പിസിബിയുടെ സെക്യൂരിറ്റി ടീം ഇരുവരുടേയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിലവിൽ റിസ്‍വാന്റേയും ഇമാമിന്റേയും ഫോണുകൾ പിസിബി സെക്യൂരിറ്റി ടീമിന്റെ കസ്റ്റഡിയിൽ തന്നെയാണ്.
വിഷയത്തിൽ മാധ്യമങ്ങളെ കാണാനും പൊതുജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനും റിസ്‍വാൻ രണ്ട് തവണ പിസിബിയോട് അനുമതി തേടിയെങ്കിലും ബോർഡ് രണ്ട് തവണയും താരത്തിന്റെ അഭ്യർഥന നിരസിച്ചു. വിഷയത്തിൽ താരം ഐസിസിക്ക് കത്തയച്ചിരുന്നു. അന്വേഷണ രീതികളിൽ വ്യക്തത തേടിയാണ് താരം ഐസിസിയുടെ ആന്റി കറപ്ഷൻ യൂണിറ്റിന് കത്തയച്ചത്. ഈ കത്ത് അയച്ചതിന്റെ കാരണം എന്താണെന്നും പരസ്യമായി വിശദീകരിക്കാൻ താരം ലക്ഷ്യമിട്ടിരുന്നു.
ബോർഡിനെതിരെ താരം തിരിയുമോ എന്ന ആശങ്കയാണ് അഭ്യർഥന നിരസിക്കാൻ കാരണമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ റിസ്‍വാൻ അത്തരമൊരു കാര്യത്തിലേക്ക് കടക്കില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും താരത്തോടടുത്തവർ പറയുന്നു.
content highlights: pcb warns mohammad rizwan silent order pakistan cricket