

വീടുകളില്‍ സ്ഥിരമായി കാണുന്ന ജീവികളിലൊന്നാണ് പല്ലി. കൊതുകുകളും മറ്റ് ചെറിയ പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. പൊതുവെ മനുഷ്യരില്‍ നിന്ന് അകന്നുനില്‍ക്കുന്ന സ്വഭാവമാണ് പല്ലികള്‍ക്കുള്ളത്. എന്നാല്‍ പല്ലിയെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുമുണ്ട്. പല്ലിക്ക് വിഷമുണ്ടെന്നും അത് കടിച്ചാല്‍ വിഷബാധയുണ്ടാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. യഥാര്‍ഥത്തില്‍ സാധാരണയായി വീടുകളില്‍ കാണുന്ന പല്ലികളെ പേടിക്കേണ്ടതുണ്ടോ?.
വീട്ടില്‍ കാണുന്ന പല്ലികള്‍ക്ക് വിഷമുണ്ടോ?

ഇന്ത്യന്‍ വീടുകളില്‍ സാധാരണയായി കാണുന്ന ഹൗസ് ഗെക്കോയെ വിഷമുള്ള ജീവിയായി കണക്കാക്കുന്നില്ല. പാമ്പുകളെപ്പോലെ ശരീരത്തില്‍ വിഷം കുത്തിവയ്ക്കുന്ന സംവിധാനവും ഇവയ്ക്കില്ല. അതിനാല്‍ സാധാരണ വീടുകളില്‍ കാണപ്പെടുന്ന പല്ലി കടിച്ചതുകൊണ്ട് വിഷബാധയുണ്ടാകുമെന്ന ആശങ്ക വേണ്ടതില്ല. എന്നാല്‍ ലോകത്ത് വിഷമുള്ള ചില പല്ലി ഇനങ്ങളുണ്ട്. ഗില മോണ്‍സ്റ്റര്‍, മെക്സിക്കന്‍ ബീഡഡ് ലിസാര്‍ഡ് എന്നിവയാണ് വിഷമുള്ള പല്ലികളുടെ ഉദാഹരണങ്ങള്‍. ഇവ സാധാരണയായി ഇന്ത്യന്‍ വീടുകളില്‍ കാണുന്ന പല്ലികളില്‍ നിന്ന് വ്യത്യസ്തമാണ്.
പല്ലികള്‍ സാധാരണയായി മനുഷ്യരെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ വീട്ടില്‍ കാണപ്പെടുന്ന പല്ലി മനുഷ്യനെ കടിക്കുന്നതിനെ അസാധാരണമായി കാണേണ്ടതില്ല. എന്നാല്‍ പല്ലിയെ പിടിക്കാനോ കൈകൊണ്ട് ഓടിക്കാനോ ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കടിക്കാന്‍ സാധ്യതയുണ്ട്.കടിയേറ്റാല്‍ ചെറിയ മുറിവോ ചൊറിച്ചിലോ ഉണ്ടാകാം. വിഷബാധയേക്കാള്‍ മുറിവിലൂടെ ബാക്ടീരിയ കടന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യതയാണ് ശ്രദ്ധിക്കേണ്ടത്.

കടിയേറ്റ ഭാഗത്ത് ചെറിയ മുറിവാണെങ്കില്‍ സാധാരണയായി അടിസ്ഥാന മുറിവ് പരിചരണം മതിയാകും. എന്നാല്‍ മുറിവിന്റെ അവസ്ഥ ശ്രദ്ധിക്കണം.

കടിയേറ്റ ഭാഗത്ത് വീക്കം കൂടുക, വേദന ശക്തമാകുക, ചുവപ്പും ചൂടും വര്‍ധിക്കുക, പഴുപ്പ് വരിക, പനി ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണണം. മുറിവ് ആഴത്തിലുള്ളതാണെങ്കിലോ രക്തസ്രാവം നില്‍ക്കുന്നില്ലെങ്കിലോ വൈദ്യസഹായം തേടുന്നതാണ് സുരക്ഷിതം.
പല്ലിയെ പിടിക്കുകയോ കൈകൊണ്ട് ഓടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഭീഷണി തോന്നിയാല്‍ അത് കടിക്കാന്‍ ശ്രമിച്ചേക്കാം. വീട്ടില്‍ പല്ലികളുടെ എണ്ണം കൂടുതലാണെങ്കില്‍ അവയെ നേരിട്ട് കൈകാര്യം ചെയ്യുന്നതിനുപകരം അവയ്ക്ക് ആകര്‍ഷണമാകുന്ന പ്രാണികളെ നിയന്ത്രിക്കുകയാണ് കൂടുതല്‍ പ്രായോഗികം. വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ തുറന്നുവെക്കാതിരിക്കുക, അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുക് ഉള്‍പ്പെടെയുള്ള പ്രാണികളുടെ സാന്നിധ്യം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ സഹായിക്കും.
Content Highlights : Can a lizard bite cause poisoning? What should be done immediately if bitten? Let’s find the answers to these questions about lizards.