

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള 72-ാമത് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.
പുരസ്‌കാരം സ്വീകരിക്കുന്നതിന് മുന്നോടിയായി ദൂരദർശന് നൽകിയ പ്രതികരണത്തിൽ അവാർഡ് നേടാനായതിലെ സന്തോഷം മമ്മൂട്ടി പങ്കുവെച്ചു. 'രാജ്യം നൽകുന്ന അംഗീകാരം എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഏറെ പ്രധാനപ്പെട്ടതാണ്, പ്രചോദനം നൽകുന്നതാണ്. ഇക്കാര്യത്തിൽ ഞാൻ ഏറെ ഭാഗ്യവനാണ്, നാലാം തവണയാണ് എനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
ഈ യാത്രയിൽ എനിക്ക് ഒരുപാട് പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. സംവിധായകർ, എഴുത്തുകാർ, സഹ അഭിനേതാക്കൾ, നിർമാതാക്കൾ തുടങ്ങി എന്റെ അഭിനയത്തെ സ്വീകരിച്ച പ്രേക്ഷകർ തുടങ്ങി ഒരുപാട് പേർ ഉണ്ട്. ഇവരെയെല്ലാം ഇത്രയേറെ നാൾ എന്റർടെയ്ൻ ചെയ്യിപ്പിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഒരുപാട് നാൾ അവരെ എന്റർടെയ്ൻ ചെയ്യിപ്പിക്കാനാകണം എന്നാണ് ആഗ്രഹം. അതിനായി ഞാൻ കഠിനമായി പരിശ്രമിക്കുമെന്നാണ് ഈ ഘട്ടത്തിൽ ഉറപ്പ് നൽകാനാകുന്നത്,' മമ്മൂട്ടി പറഞ്ഞു.
മലയാളികളുടെ അഭിമാനമായ ഗായിക വൈക്കം വിജയലക്ഷ്മിയും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യത്തിന്റെ തലസ്ഥാന നഗരിക്ക് പുറത്താണ് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് നടന്നത്. ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടക്കുന്നത്.
Content Highlights: Mammootty says that he is very lucky to recieve country's honour many times, as it is his fourth win as best actor