നാടകീയ ക്ലൈമാക്സ്: വോട്ട് അസാധുവായതോടെ ആകാംക്ഷ; തിജാരയില്‍ ഒടുവില്‍ കോണ്‍ഗ്രസിന് ജയം

കോണ്‍ഗ്രസ് പിന്തുണയുള്ള രാമാവതാര്‍ സൈനി 18 വോട്ടുകള്‍ നേടി വിജയിച്ചത് കോണ്‍ഗ്രസ് പാളയത്തിന് ആവേശമായി

നാടകീയ ക്ലൈമാക്സ്: വോട്ട് അസാധുവായതോടെ ആകാംക്ഷ; തിജാരയില്‍ ഒടുവില്‍ കോണ്‍ഗ്രസിന് ജയം
dot image

അല്‍വാര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ തിജാര മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഒറ്റ വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയക്കൊടിയേന്തിയത്. 35 അംഗ കൗണ്‍സിലില്‍ 31 കൗണ്‍സിലര്‍മാര്‍ സ്വതന്ത്രരായിരുന്നു. മൂന്ന് ബിജെപി അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവുമാണ് കൗണ്‍സിലിലുള്ളത്. അതിനാല്‍ തന്നെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരുന്ന സ്വതന്ത്രരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസും ബിജെപിയും.

ആകെ പോള്‍ ചെയ്ത 35 വോട്ടുകളില്‍ ഒരെണ്ണം അവാധുവായിരുന്നു. കോണ്‍ഗ്രസ് പിന്തുണയുള്ള രാമാവതാര്‍ സൈനി 18 വോട്ടുകള്‍ നേടി വിജയിച്ചത് കോണ്‍ഗ്രസ് പാളയത്തിന് ആവേശമായി. ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ് സൈനിക്ക് 16 വോട്ടുകളാണ് ലഭിച്ചത്. 18 സ്വതന്ത്ര കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് ഹിമാചല്‍പ്രദേശിലെ കസോളിലേക്ക് മാറ്റിയിരുന്നു. സ്വതന്ത്ര കൗണ്‍സിലറായ രാമാവതാര്‍ സൈനിയെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. 16 കൗണ്‍സിലര്‍മാരെയായിരുന്നു ബിജെപി ഒപ്പം നിര്‍ത്തിയത്. ഇതോടെയായിരുന്നു തിജാര ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ശ്രദ്ധയിലേക്ക് വന്നത്.

വോട്ടെടുപ്പിന് മുന്നോടിയായി കൗണ്‍സിലര്‍മാര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും വരുമ്പോള്‍ പൊലീസ് തടഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പൊലീസിന്റെ 25 വാഹനങ്ങള്‍ ടോള്‍ പ്ലാസയില്‍വെച്ച് വാഹനം തടയുകയും കൗണ്‍സിലര്‍മാരെയും അവരുടെ കുടുംബാംഗങ്ങളെയും തടഞ്ഞുവെയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ പിന്നീട് ഹരിയാന പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു.

ഇതിനിടെ കൗണ്‍സിലര്‍മാരുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടര്‍ന്നതോടെ വോട്ട് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന വോട്ടിംഗ് ആദ്യം രാത്രി എട്ട് മണിയിലേക്കും രാത്രി 10 മണിയിലേക്കും നീട്ടുകയായിരുന്നു. പിന്നീട് കൗണ്‍സിലര്‍മാരെത്തി വോട്ട് ചെയ്തതോടെ രാത്രി 9.45ഓടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.

Content Highlights: Congress candidate won the Tijara Municipal Council chairperson election in Rajasthan after a dramatic voting process

dot image
To advertise here,contact us
dot image