

ന്യൂഡൽഹി: കുറഞ്ഞ വരുമാനക്കാരായ മൊബൈൽ ഉപഭോക്താക്കൾക്കും ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്കും വലിയ ആശ്വാസം പകരുന്ന പുതിയ നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്തെത്തി. കുറഞ്ഞ കാലാവധിയുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ വോയ്‌സ്, എസ്എംഎസ് റീച്ചാർജ് പ്ലാനുകൾ നിർബന്ധമായും ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് ട്രായ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് കർശന നിർദേശം നൽകി. ഡാറ്റ പാക്കറ്റുകൾ ആവശ്യമില്ലാത്ത സാധാരണക്കാർക്ക് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് റീച്ചാർജ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് ഈ പുതിയ തീരുമാനം.
ടെലികോം ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2026-ലെ തിരുത്തലുകൾ പ്രകാരമാണ് ട്രായ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മൊബൈൽ സേവന ദാതാക്കൾ വോയ്‌സ്, എസ്എംഎസ് ആവശ്യങ്ങൾക്കായി 30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള പ്രത്യേക താരിഫ് വൗച്ചറുകൾ അവതരിപ്പിക്കേണ്ടതുണ്ട്. നിലവിൽ വിപണിയിലുള്ള റീച്ചാർജ് പ്ലാനുകൾ ഭൂരിഭാഗവും ദീർഘകാലാവധിയുള്ളതും ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുത്തിയുള്ളതുമാണ്. ഇത് കുറഞ്ഞ വരുമാനമുള്ള സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് റെഗുലേറ്ററിയുടെ ഈ ഇടപെടൽ.
പുതിയ നിയമപ്രകാരം എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാവുന്ന ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്കായി നൽകണം. ഏതെങ്കിലും മാസത്തിൽ ആ നിർദ്ദിഷ്ട തീയതി ഇല്ലെങ്കിൽ, ആ മാസത്തെ അവസാന തീയതി പുതുക്കൽ തീയതിയായി കണക്കാക്കും. ഇതിനുപുറമേ, ഈ പ്രതിമാസ പ്ലാനിനേക്കാൾ കൂടുതൽ കാലാവധിയുള്ള മറ്റൊരു വൗച്ചറും കമ്പനികൾ ലഭ്യമാക്കേണ്ടതുണ്ട്. ഇന്റർനെറ്റ് ആവശ്യമില്ലാതെ കേവലം വിളിക്കാനും സന്ദേശങ്ങൾ അയക്കാനും മാത്രം മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഇത് വഴിയൊരുക്കും.
ടെലികോം കമ്പനികൾ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി റീച്ചാർജ് നിരക്കുകൾ കൂട്ടുകയും പ്ലാനുകൾ ദീർഘകാല പാക്കുകളിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ട്രായിയുടെ ഈ ഔദ്യോഗിക ഉത്തരവ് പുറത്തുവരുന്നത്.
Content Highlights: TRAI directs telecom companies to offer affordable voice and SMS-only recharge plans with shorter validity periods. The move aims to help low-income mobile users who do not need internet data services.