

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണികളിലൊന്നായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പ്രൗഢോജ്ജ്വല തുടക്കം. ബുറൈദയിലെ നഖ്‌ല സെന്ററിന് സമീപം ആരംഭിച്ച മേള സൗദിയിലെയും വിദേശങ്ങളിലെയും കർഷകരുടെയും വ്യാപാരികളുടെയും വൻ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. അൽ ഖസീം ഗവർണർ ഫൈസൽ ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ നേതൃത്വത്തിൽ നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സാണ് 75 ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷിക വിപണന മേള സംഘടിപ്പിക്കുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ബുറൈദ ഈന്തപ്പഴ മേള ഒക്ടോബർ 14 വരെ നീണ്ടുനിൽക്കും. സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിലും സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതാണ് രാജ്യത്തെ ഈന്തപ്പഴ ഉത്പ്പാദന മേഖല. അൽ ഖസീം മേഖലയിൽ മാത്രം പതിനൊന്ന് ദശലക്ഷത്തോളം (1.1 കോടി) ഈന്തപ്പനകളാണുള്ളത്. പ്രതിവർഷം ഏകദേശം 5.78 ലക്ഷം ടൺ ഈന്തപ്പഴമാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്.
വർഷത്തിൽ 3.2 ബില്യൺ (320 കോടി) സൗദി റിയാലിലധികം വരുമാനം സൃഷ്ടിക്കുന്ന ഈ മേഖലയിലൂടെ അയ്യായിരത്തോളം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങളാണ് ലഭ്യമാകുന്നത്. കച്ചവടത്തിനും വിപണനത്തിനും പുറമെ അൽ ഖസീമിന്റെ പരമ്പരാഗത കാർഷിക സാസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധങ്ങളായ വിനോദ സാംസ്‌കാരിക പരിപാടികളും ടൂറിസം മുന്നിൽ കണ്ടുകൊണ്ട് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന ഈന്തപ്പഴ മേള സന്ദർശിക്കാനായി എത്തുത്തുന്നത്.
Content Highlights: The world's largest date market has opened in Buraidah, Saudi Arabia, marking the beginning of a 75-day trading festival. The event attracts farmers, traders, and visitors with a wide range of premium date varieties and agricultural products.