സാമ്പത്തിക ബാധ്യതയും രോ​ഗപീഡകളും തളർത്തി; സൗദിയിൽ ഇന്ത്യൻ പ്രവാസിക്ക് തുണയായി എം എ യൂസഫലി

സുഖകരമായ ജീവിതം നയിക്കുന്നതിനിടെയാണ് അലീമിനെ തേടി വിധിയുടെ ആദ്യ തിരിച്ചടിയെത്തുന്നത്.

സാമ്പത്തിക ബാധ്യതയും രോ​ഗപീഡകളും തളർത്തി; സൗദിയിൽ ഇന്ത്യൻ പ്രവാസിക്ക് തുണയായി എം എ യൂസഫലി
dot image

സൗദി അറേബ്യയിൽ സാമ്പത്തിക ബാധ്യതകളും രോഗപീഡകളും കാരണം മാസങ്ങളോളം കിടപ്പിലായിരുന്ന ഹൈദരാബാദ് ചന്ദ്രായനഗുട്ട സ്വദേശി മുഹമ്മദ് അബ്ദുൽ അലീമിന് (55) തുണയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അലീമിനെ സഹായിക്കാൻ യൂസഫലി മുന്നോട്ടുവരികയായിരുന്നു. ഇതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അലീമിന് തന്റെ നാട്ടിലേക്ക് തിരികെയെത്താനും കഴിഞ്ഞു.

ഏകദേശം 15 വർഷത്തിലേറെയായി സൗദി അറേബ്യയിൽ സെയിൽസ്മാനായി നല്ല നിലയിൽ ജോലി ചെയ്തുവരികയായിരുന്നു അലീം. ഇക്കാലയളവിൽ പലതവണയായി പണം അടച്ച് തീർക്കാമെന്ന വ്യവസ്ഥയിൽ സ്വന്തമായി പുതിയൊരു കാറൊക്കെ വാങ്ങി. ഇത്തരത്തിൽ സുഖകരമായ ജീവിതം നയിക്കുന്നതിനിടെയാണ് അലീമിനെ തേടി വിധിയുടെ ആദ്യ തിരിച്ചടിയെത്തുന്നത്.

ഭാര്യയുടെ പെട്ടെന്നുള്ള രോഗവിവരമറിഞ്ഞ് അലീമിന് അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടി വന്നു. എന്നാൽ വൈകാതെ ഭാര്യ മരണപ്പെട്ടു. ഈ വലിയ ആഘാതത്തിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും കുടുംബപ്രശ്നങ്ങളും മൂലം അലീമിന് കൃത്യസമയത്ത് സൗദിയിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല. ഇതോടെ സൗദിയിൽ വായ്പയെടുത്ത് വാങ്ങിയ കാറിന്റെ തവണകൾ മുടങ്ങുകയും സാമ്പത്തിക ബാധ്യത പെരുകുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം കടങ്ങൾ വീട്ടാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും അലീം വീണ്ടും സൗദിയിലെത്തി. സാധാരണ ജോലികൾ ചെയ്ത് വായ്പകൾ തിരിച്ചടയ്ക്കാനായിരുന്നു ശ്രമം. എന്നാൽ അനാവശ്യ നിയമക്കുരുക്കുകളും സാമ്പത്തിക നഷ്ടങ്ങളും യാത്രാവിലക്കുമെല്ലാം അദ്ദേഹത്തെ വീണ്ടും വീണ്ടും തളർത്തി. തുടർച്ചയായ മാനസിക സമ്മർദ്ദങ്ങൾക്കൊടുവിൽ പക്ഷാപാതം പിടിപെട്ട് ശരീരം തളർന്ന അലീമിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹായത്തിനായി സഹോദരങ്ങൾ ശ്രമിച്ചെങ്കിലും വലിയ തുകയുടെ ബാധ്യതയുള്ളതിനാൽ പലരും പിന്നോട്ട് പോയി.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പരിപാലിക്കാൻ ആരുമില്ലാതെ പോയ അലീമിന് ഒടുവിൽ മലയാളി കൂട്ടായ്മ താങ്ങായി എത്തി. മലയാളി സാമൂഹിക പ്രവർത്തകനായ ഷമീർ നദ്‌വിയുടെ ഇടപെടലിലൂടെ അലീമിനെ 'ദാർ ഹകം' എന്ന ചാരിറ്റി സംഘടനയുടെ ഷെൽട്ടറിലേക്ക് അലീമിനെ മാറ്റി. അവിടെ എട്ടു മാസത്തോളം കഴിഞ്ഞ അലീമിന്റെ അവസ്ഥയറിഞ്ഞ യൂസഫലി, അലീമിന്റെ മുഴുവൻ സാമ്പത്തിക ബാധ്യതകളും സ്വന്തം ചെലവിൽ വീട്ടാൻ മുന്നോട്ടുവരികയായിരുന്നു.

യാത്രാരേഖകൾ വേഗത്തിൽ തയ്യാറാക്കാൻ യൂസഫലി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ഏകോപനം നടത്തുകയും ചെയ്തു. ഒടുവിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ, വീൽചെയറിലിരുന്ന് ഷമീർ നദ്‌വിക്കൊപ്പം അലീം ഹൈദരാബാദിൽ തിരിച്ചെത്തി. വലിയൊരു ദുരിതപർവ്വം താണ്ടി സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയപ്പോൾ, അലീമിന്റെ കണ്ണുകളിൽ നന്ദിയും ആശ്വാസവും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

Content Highlights: M A Yusuff Ali has come to the aid of an Indian expatriate in Saudi Arabia facing severe financial hardship and health issues. The timely assistance has provided relief to the expatriate and highlighted Yusuff Ali's continued humanitarian support for Indians abroad.

dot image
To advertise here,contact us
dot image