'ഇനി ലക്ഷ്യം അതല്ല': ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍

ഇക്കഴിഞ്ഞ ഐപിഎലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായിരുന്നു ഭുവനേശ്വര്‍ കുമാര്‍

'ഇനി ലക്ഷ്യം അതല്ല': ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍
dot image

ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഇനി താന്‍ ലക്ഷ്യമിടുന്നില്ലെന്ന് തുറന്നുപറഞ്ഞ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. 36-കാരനായ താരം 2022-ലാണ് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. ഇപ്പോള്‍ ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്നതിലും അതിനപ്പുറത്തുള്ള ജീവിതത്തിലുമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭുവനേശ്വര്‍ വ്യക്തമാക്കി.

ഇന്ത്യക്കായി 21 ടെസ്റ്റുകളിലും 121 ഏകദിനങ്ങളിലും 87 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം, 2026 ഐ.പി.എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലും അംഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ഈ മാറ്റത്തെ നിരാശകളില്ലാതെ സ്വീകരിക്കാന്‍ കുടുംബം ഏറെ സഹായിച്ചതായി ഭുവനേശ്വര്‍ പറയുന്നു.

'ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത്. ചെറുപ്പത്തില്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ നമ്മള്‍ പറയും; എനിക്ക് ക്രിക്കറ്റിനോട് സ്‌നേഹമാണ് എന്ന്. അമിതമായി ചിന്തിക്കാതിരിക്കുക എന്നതും കളിയോടുള്ള അഭിനിവേശം കൊണ്ട് മാത്രം കളിക്കുക എന്നതുമാണ് പ്രധാനം. ഞാന്‍ ഇതിനകം ഇന്ത്യക്ക് വേണ്ടി കളിച്ചുകഴിഞ്ഞു. ഇനി അതൊരു പുതിയ നേട്ടമായി എനിക്ക് മുന്നിലില്ല. വീണ്ടുമൊരു അവസരം ലഭിക്കുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഈ കളിയോടുള്ള സ്‌നേഹം കൊണ്ടാണ്' -അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ ആഭ്യന്തര ക്രിക്കറ്റും യു.പി ട്വന്റി-20 ലീഗും കളിക്കുന്നുണ്ട്. കളിയില്‍ തുടരാന്‍ ആവശ്യമായത്ര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം, കൃത്യമായി വിശ്രമം ലഭിക്കാനും ഊര്‍ജ്ജസ്വലനായിരിക്കാനും വേണ്ട ഇടവേളകളും നല്‍കുന്നുണ്ട്,' -ഭുവി ആര്‍.സി.ബി പോഡ്കാസ്റ്റില്‍ പറഞ്ഞു. 'ഇപ്പോള്‍ പൂര്‍ണ്ണമായും സമാധാനത്തോടെയാണ്. ഇതിന്റെ ക്രെഡിറ്റ് ഞാന്‍ എന്റെ കുടുംബത്തിന് നല്‍കുന്നു. വീട്ടില്‍ ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. ഞാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ, എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല, അല്ലെങ്കില്‍ എവിടെയാണ് പിഴച്ചത് എന്നതിനെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല.' -ഭുവനേശ്വര്‍ പറഞ്ഞു.


'കായികരംഗത്ത് തലമുറമാറ്റങ്ങള്‍ സാധാരണയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ അനുഭവം ഉണ്ടാകുന്ന ആദ്യത്തെ കളിക്കാരന്‍ ഞാനല്ല, അവസാനത്തെ ആളും ഞാനായിരിക്കില്ല. അത് കളിയുടെ ഭാഗമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: 'That's Not My Goal Anymore': Bhuvneshwar Kumar Opens Up on His Indian Team Comeback

dot image
To advertise here,contact us
dot image