ജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന; വൈകിയെത്തിയ മണ്‍സൂണ്‍ ആവശ്യകത ഉയര്‍ത്തി

ഇന്ത്യയിലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പെട്രോള്‍ വില്‍പ്പന ജൂലൈയില്‍ 34.5 ലക്ഷം ടണ്ണായി ഉയര്‍ന്നു

ജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന; വൈകിയെത്തിയ മണ്‍സൂണ്‍ ആവശ്യകത ഉയര്‍ത്തി
dot image

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില്‍പ്പന 2026 ജൂലൈയില്‍ ഗണ്യമായി വര്‍ധിച്ചു. സാധാരണയേക്കാള്‍ കുറഞ്ഞ മഴയും വൈകിയെത്തിയ മണ്‍സൂണും കര്‍ഷകരുടെയും വാഹന ഉപയോക്താക്കളുടെയും ഇന്ധന ആവശ്യകത വര്‍ധിപ്പിച്ചതാണ് വില്‍പ്പനയെ സ്വാധീനിച്ചത്. ഇന്ത്യയിലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പെട്രോള്‍ വില്‍പ്പന ജൂലൈയില്‍ 34.5 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 9.7 ശതമാനം വര്‍ധനയാണ്. 2024 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.1 ശതമാനവും, 2023 ജൂലൈയേക്കാള്‍ 36.1 ശതമാനവും കൂടുതലാണ്. എന്നാല്‍ ജൂണിനെ അപേക്ഷിച്ച് 1.1 ശതമാനം കുറവ് രേഖപ്പെടുത്തി.

സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂചികയായി കണക്കാക്കപ്പെടുന്ന ഡീസല്‍ വില്‍പ്പന 71.2 ലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.7 ശതമാനം വര്‍ധനയാണിത്. ഡീസലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനം. ചരക്ക് ഗതാഗതം, കാര്‍ഷിക യന്ത്രങ്ങള്‍, ജലസേചന പമ്പുകള്‍ എന്നിവയ്ക്ക് പ്രധാനമായും ഡീസലാണ് ഉപയോഗിക്കുന്നത്. മഴ വൈകിയെത്തിയതിനാല്‍ കര്‍ഷകര്‍ ജലസേചനത്തിനായി കൂടുതല്‍ ഡീസല്‍ ഉപയോഗിച്ചതാണ് ആവശ്യകത ഉയരാന്‍ കാരണമായത്.

ജൂലൈയിലെ ഡീസല്‍ വില്‍പ്പന 2024 ജൂലൈയേക്കാള്‍ 11.5 ശതമാനവും, 2023 ജൂലൈയേക്കാള്‍ 12.7 ശതമാനവും കൂടുതലായിരുന്നു. എന്നാല്‍ ജൂണിനെ അപേക്ഷിച്ച് 9.2 ശതമാനം കുറവ് രേഖപ്പെടുത്തി. വിമാന ഇന്ധനമായ എടിഎഫ് വില്‍പ്പന 6.59 ലക്ഷം ടണ്ണായി, വാര്‍ഷികാടിസ്ഥാനത്തില്‍ 2.9 ശതമാനം വര്‍ധനയാണിത്. എന്നാല്‍ ജൂണിനെ അപേക്ഷിച്ച് 4.6 ശതമാനം കുറവാണ്.

അതേസമയം, പാചകവാതകമായ എല്‍പിജി വില്‍പ്പനയില്‍ ഇടിവ് തുടര്‍ന്നു. ജൂലൈയില്‍ 23.7 ലക്ഷം ടണ്ണായി കുറഞ്ഞ എല്‍പിജി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ചില വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ഉപയോഗത്തിലേക്ക് മാറിയതാണ് എല്‍പിജി ആവശ്യകത കുറയാന്‍ പ്രധാന കാരണമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: India's petrol and diesel sales surged in July 2026 as delayed monsoon rains boosted fuel demand from farmers and motorists, while LPG consumption continued to decline

dot image
To advertise here,contact us
dot image