

ഡേറ്റിങ് ആപ്പ് തട്ടിപ്പുകൾ സർവസാധാരണമായ കാലമാണിത്. ഏത് ആപ്പിൽ നിന്നും ആകട്ടെ, നിരവധി യുവതികളാണ് ചില റെസ്റ്റോറന്റ്, പബ്ബ് ഉടമകളുമായുള്ള ധാരണയുടെ പുറത്ത് യുവാക്കളെ പറ്റിക്കുന്നത്. മുംബൈയിൽ ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകുന്നതാണ്. വലിയ തുകയ്ക്ക് ഭക്ഷണം അടക്കം വാങ്ങുകയും ബിൽ വരുമ്പോൾ യുവതി മുങ്ങുകയുമാണ് പതിവ്. ഇപ്പോൾ ഡൽഹിയിലും സമാനമായ ഒരു തട്ടിപ്പ് ഉണ്ടായിരിക്കുകയാണ്.
റെഡ്‌ഡിറ്റിലാണ് ഒരു യുവാവ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തുവന്നിരിക്കുന്നത്. തന്റെ ആദ്യത്തെ ഡേറ്റിൽ തന്നെ 20500 രൂപ നഷ്ടമായി എന്നാണ് യുവാവ് പറയുന്നത്. ചാറ്റിംഗിലൂടെയാണ് യുവാവും യുവതിയും ആദ്യം പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും ഒരുമിച്ച് കാണാൻ തീരുമാനിച്ചു.
അങ്ങനെ കൂടിക്കാഴ്ചയുടെ ദിവസം ഇരുവരും കണ്ടുമുട്ടി. പിന്നാലെ യുവതി തന്നെയാണ് യുവാവിനെ പബ്ബിലേക്ക് കൊണ്ടുപോയത്. അവിടെവച്ച് യുവതി നിരവധി സാധനങ്ങൾ ഓർഡർ ചെയ്തു. വിലകൂടിയ മദ്യവും ഹുക്കയും അടക്കമുള്ളവയാണ് യുവതി ഉപയോഗിച്ചത്. യുവാവാകട്ടെ ഒരു മടിയും കൂടാതെ വാങ്ങിനൽകുകയും ചെയ്തു.
എന്നാൽ ബിൽ വന്നപ്പോഴാണ് ട്വിസ്റ്റ്. യുവതി ബാത്റൂമിലേക്കെന്ന പറഞ്ഞ് പോയെന്നും പിന്നെ അവരെ കണ്ടില്ലെന്നുമാണ് യുവാവ് പറയുന്നത്. 20500 രൂപയാണ് ബിൽ വന്നത്. യുവതി പണം നൽകാൻ തയ്യാറായില്ല എന്നുമാത്രമല്ല, തുക എത്രയാണെന്ന് ചോദിക്കാൻ പോലും മനസ് കാട്ടിയില്ല എന്നും യുവാവ് പറയുന്നു. എന്തുകൊണ്ടാണെന്ന് താൻ ചിന്തിക്കുന്നില്ല എന്നും കൂടുതൽ ചിന്തിച്ച് കാടുകയറാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും യുവാവ് പറയുന്നു.
യുവാവിന്റെ പോസ്റ്റിന് നിരവധി റിയാക്ഷനുകളാണ് വന്നത്. പലരും ഇത് ഡേറ്റിങ് ആപ്പ് തട്ടിപ്പാണെന്ന് യുവാവിന് പറഞ്ഞ് മനസിലാക്കി നൽകുകയായിരുന്നു. ഡൽഹി-എൻസിആർ പ്രദേശത്ത് ഇവ പതിവാണെന്നും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഡേറ്റിങ്ങിന് ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ചിലർ പറഞ്ഞു.
Content Highlights: A young man shared his experience on Reddit, claiming that he lost Rs 20,500 during his very first date arranged through a dating app. The incident highlights the growing concerns around online dating scams and financial fraud, with users warning others to stay cautious while meeting strangers through digital platforms.