

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് വൻ ജനപ്രീതിയെന്ന് റിപ്പോർട്ട്. 2026-ന്റെ ആദ്യ ആറു മാസങ്ങളിൽ മെട്രോ, ടാക്സി, ബസ് തുടങ്ങിയ പൊതുഗതാഗത മാർഗ്ഗങ്ങളിലൂടെ 34.81 കോടി ആളുകൾ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. പ്രതിദിനം ശരാശരി 19 ലക്ഷം ആളുകളാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദുബായ് മെട്രോ തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ യാത്രക്കാരെ ആകർഷിച്ചത്. മൊത്തം യാത്രക്കാരുടെ 39.2 ശതമാനം പങ്കോടെ 13.65 കോടി ആളുകളാണ് റെഡ്, ഗ്രീൻ ലൈനുകളിലായി യാത്ര ചെയ്തത്. ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ 8.4 ദശലക്ഷം യാത്രക്കാരുമായി ബർജുമാൻ ഒന്നാമതെത്തി. റെഡ് ലൈനിൽ 6.4 ദശലക്ഷം യാത്രക്കാരുമായി അൽ റിഗ്ഗയും 4.9 ദശലക്ഷം യാത്രക്കാരുമായി ഗ്രീൻ ലൈനിൽ ഷറഫ് ഡിജിയുമാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച മറ്റ് പ്രധാന സ്റ്റേഷനുകൾ.
മെട്രോയ്ക്ക് പുറമെ ടാക്സികളെയും ബസുകളെയും ജനങ്ങൾ വൻതോതിൽ ആശ്രയിച്ചു. 8.89 കോടി യാത്രക്കാരുമായി ടാക്സികൾ രണ്ടാമതും 8.51 കോടി യാത്രക്കാരുമായി പൊതു ബസുകൾ മൂന്നാമതുമുണ്ട്. കൂടാതെ ഷെയേർഡ് മൊബിലിറ്റിയിലൂടെ 2.57 കോടി ആളുകളും സമുദ്ര ഗതാഗത മാർഗ്ഗങ്ങളിലൂടെ 81 ലക്ഷം പേരും ദുബായ് ട്രാം വഴി 38 ലക്ഷം പേരും യാത്ര ചെയ്തു.
പൊതുഗതാഗത യാത്രക്കാരുടെ വിഹിതം 2006-ലെ വെറും ആറ് ശതമാനത്തിൽ നിന്ന് 2025-ൽ 22.3 ശതമാനമായി വലിയ വളർച്ച കൈവരിച്ചതായി ആർടിഎ ബോർഡ് ചെയർമാൻ മതാർ അൽ തായർ വ്യക്തമാക്കി. ദുബായ് അർബൻ പ്ലാൻ 2040-ന്റെ ഭാഗമായി ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് പദ്ധതിയിടുന്നത്. ഇതിനായി 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനും 34 ബില്യൺ ദിർഹം നിക്ഷേപത്തിൽ പൂർണ്ണമായും ഭൂഗർഭ പാതയായി നിർമ്മിക്കുന്ന 42 കിലോമീറ്റർ ഗോൾഡ് ലൈനും പുരോഗമിക്കുകയാണ്.
2050-ഓടെ പൊതു ബസുകൾ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്/ഹൈഡ്രജൻ ബസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 637 പുതിയ ബസുകൾ സർവീസിൽ ഉൾപ്പെടുത്തും. ഇതിനൊപ്പം ഡ്രൈവറില്ലാത്ത ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണം വിജയകരമായി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ നഗരത്തിൽ വാണിജ്യ എയർ ടാക്സി സേവനങ്ങൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കാൻ സജ്ജമാണെന്നും ആർടിഎ അറിയിച്ചു.
Content Highlights: Dubai's public transport system has recorded a major increase in daily ridership, with around 19 lakh people using public transport services every day. The growth highlights the city's expanding mobility network and increasing preference for public transit.