

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സാഹചര്യം, സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത, നയതന്ത്ര പരിഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് സൗദി കിരീടാവകാശി സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ശക്തമായ യുദ്ധത്തിലേക്ക് മേഖല വഴിമാറുന്നത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാധ്യതകൾ വർദ്ധിച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും ഈ നിർണ്ണായക ടെലിഫോൺ സംഭാഷണം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
Content Highlights: Saudi Crown Prince held talks with the US President on efforts to achieve peace in West Asia. The discussions highlighted the importance of diplomatic solutions and regional stability amid ongoing tensions.