ദുബായ് നിവാസികൾക്ക് ഉദ്യാന പരിപാലനം ഇനി വിരൽത്തുമ്പിൽ; പുതിയ സംവിധാനവുമായി കരീം ആപ്പ്

പദ്ധതി ആരംഭിക്കുന്നതോടെ ജനങ്ങളിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ദുബായ് പൊലീസ് പ്രത്യേക ബോധവത്ക്കരണ കാമ്പയിനുകൾ നടത്തും

ദുബായ് നിവാസികൾക്ക് ഉദ്യാന പരിപാലനം ഇനി വിരൽത്തുമ്പിൽ; പുതിയ സംവിധാനവുമായി കരീം ആപ്പ്
dot image

ദുബായ് നിവാസികൾക്ക് തങ്ങളുടെ വീടുകളിലെ ഉദ്യാന പരിപാലനത്തിനും മറ്റ് തോട്ട പരിപാലനത്തിനുമായി പുതിയ സംവിധാനമൊരുക്കി അധികൃതർ. പ്രമുഖ ആപ്പായ 'കരീം' വഴി ഗാർഡനിങ് സേവനങ്ങൾ ലഭ്യമാക്കുന്ന 'അൽ ഫ്രീജ് ഗാർഡനർ' എന്ന പുതിയ പദ്ധതി സെപ്റ്റംബർ മുതൽ ആരംഭിക്കും. യോഗ്യതയുള്ളതും ലൈസൻസുള്ളതുമായ വിദഗ്ധരുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം റെസിഡൻഷ്യൽ മേഖലകളിൽ കൂടുതൽ സുരക്ഷയും കൃത്യമായ മേൽനോട്ടവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ദുബായ് മുൻസിപ്പാലിറ്റി, ദുബായ് പൊലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, കരീം ആപ്പ് അധികൃതർ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റെസിഡൻഷ്യൽ ഏരിയകളിലെ ഗാർഡനിങ് സേവനങ്ങളെ ഏകോപിപ്പിക്കുകയും അംഗീകൃത കാർഷിക പരിപാലന കമ്പനികൾ വഴി കൃത്യമായ സർവീസ് പാക്കേജുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വീട്ടുതോട്ട നിർമ്മാണം, ക്രമമായ പരിചരണം, അലങ്കാരച്ചെടികളുടെ പരിപാലനം, വാട്ടറിങ് സിസ്റ്റം ഇൻസ്റ്റാളേഷനും മെയിന്റനൻസും അഗ്രികൾച്ചറൽ കൺസൾട്ടൻസി തുടങ്ങിയ നിരവധി സേവനങ്ങൾ ആപ്പ് വഴി ലഭ്യമാകും.

പദ്ധതി ആരംഭിക്കുന്നതോടെ ജനങ്ങളിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ദുബായ് പൊലീസ് പ്രത്യേക ബോധവത്ക്കരണ കാമ്പയിനുകൾ നടത്തും. ഇതിലൂടെ വ്യാജവും നിയമവിരുദ്ധവുമായ സേവനദാതാക്കളെ ഒഴിവാക്കാനും സുരക്ഷിതമായ റെസിഡൻഷ്യൽ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. തൊഴിലാളികളുടെ വിസയും ഔദ്യോഗിക പെർമിറ്റുകളും കൃത്യമാണെന്ന് ജിഡിആർഎഫ്എ ഉറപ്പുവരുത്തും. കാർഷിക രംഗത്ത് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ മാർഗ്ഗങ്ങൾ പിന്തുടരുന്നു എന്ന് ഉറപ്പാക്കാൻ ദുബായ് മുൻസിപ്പാലിറ്റി പ്രത്യേക പരിശീലനങ്ങളും നൽകും.

കരീം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ തൊഴിലാളികളും സർവീസ് ദാതാക്കളും രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കേണ്ടതുണ്ട്. ആപ്പിൽ സേവനങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനായി നിലവാരമുള്ള കമ്പനികളുമായി കരീം നേരിട്ട് ഏകോപനം നടത്തും. ഉപഭോക്താക്കൾക്ക് തികച്ചും സുരക്ഷിതവും വിശ്വസനീയവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു ഡിജിറ്റൽ അനുഭവം നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Dubai residents can now manage garden maintenance services more easily through a new feature introduced on the Kareem app. The digital service aims to provide convenient access to gardening and outdoor maintenance solutions.

dot image
To advertise here,contact us
dot image