സൗദി അറേബ്യ കടുപ്പിക്കുന്നു: ഒരാഴ്ചയ്ക്കുള്ളിൽ മാത്രം നാടുകടത്തിയത് 14621 നിയമലംഘകരെ

സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലാണ് നടപടികൾ

സൗദി അറേബ്യ കടുപ്പിക്കുന്നു: ഒരാഴ്ചയ്ക്കുള്ളിൽ മാത്രം നാടുകടത്തിയത് 14621 നിയമലംഘകരെ
dot image

റിയാദ്: സൗദി അറേബ്യയിൽ അനധികൃത താമസക്കാർ, തൊഴിൽ നിയമ ലംഘകർ, അതിർത്തി സുരക്ഷാ ലംഘനക്കാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനുവരി 8 മുതൽ 14 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 14,621 അനധികൃത താമസക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, തുടർച്ചയായ പരിശോധനകളിൽ 18,054 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലാണ് നടപടികൾ. ഏറ്റവും കൂടുതൽ പേർ (11,343) താമസ രേഖകളില്ലാതെ രാജ്യത്ത് തുടർന്നവരാണ്. തൊഴിൽ നിയമം ലംഘിച്ചത് 2,853 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ചത് 3,858 പേരുമാണ്. കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,491 പേരെയും പിടികൂടി. ഇതിൽ 40 ശതമാനം യെമനികളും 59 ശതമാനം എത്യോപ്യക്കാരുമാണ്.

അനധികൃത പ്രവേശനം, താമസം, തൊഴിൽ എന്നിവയ്ക്ക് സഹായം നൽകിയ 23 പേരെയും അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങൾ/സ്വത്തുക്കൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ നേരിടേണ്ടി വരും. നിലവിൽ 27,518 പ്രവാസികൾ (25,552 പുരുഷന്മാരും 1,966 സ്ത്രീകളും) നിയമ നടപടികൾ നേരിടുകയാണ്. 19,835 പേരെ യാത്രാ രേഖകൾ ശരിയാക്കാൻ നയതന്ത്ര കേന്ദ്രങ്ങളിലേക്ക് അയച്ചു.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചവരെയും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്ക് ഒരുവിധത്തിലുള്ള സഹായവും നൽകരുതെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം സഹായങ്ങൾക്ക് കനത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

നിയമലംഘനങ്ങൾ കണ്ടെത്തുന്നവർ 911 (മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്) അല്ലെങ്കിൽ 999/996 (മറ്റ് പ്രദേശങ്ങൾ) എന്നീ ഹോട്ട്‌ലൈനുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയും ഇമിഗ്രേഷൻ നിയമങ്ങളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് തുടർച്ചയായ പരിശോധനകള്‍.

Content Highligts: Saudi Arabia has tightened its law enforcement measures, resulting in the deportation of 14,621 lawbreakers in just one week

dot image
To advertise here,contact us
dot image