

ദിവസവും ജോലിക്ക് പോകുന്നവരും യാത്രചെയ്യുന്നവരും വീട്ടുജോലിയെടുക്കുന്നവരുമെല്ലാം ഒരുപോലെ അവഗണിക്കുന്ന ഒരു കാര്യമാണ് നടുവേദനയും കഴുത്ത് വേദനയും. വേദന വരുമ്പോള്‍ ' ഓ സാരമില്ല' എന്ന് പറഞ്ഞ് പലരും അവഗണിക്കാറുണ്ട്. പിന്നെയാവട്ടെ എന്ന് കരുതി പലരും ഡോക്ടറെ കാണാതിരിക്കുകയും ചെയ്യും. ഒരുപാട് നടന്നിട്ടാണ്, ജോലി ചെയ്തിട്ടാണ്, യാത്ര ചെയ്തിട്ടാണ് എന്നൊക്കെ സ്വയം കാരണങ്ങളും കണ്ടെത്തും. എന്നാല്‍ വേദന വഷളായി നാഡീസംബന്ധമായ പ്രശ്‌നമായി മാറുമ്പോഴാണ് പലരും ഡോക്ടറെ കാണാന്‍ ഓടുന്നത്. ഇത്തരം അവഗണനകൊണ്ട് നാഡീ സംബന്ധമായ പല പ്രശ്‌നങ്ങളും തുടക്കത്തില്‍ ചികിത്സ ലഭിക്കാതെ പോവുകയും ശസ്ത്രക്രിയ പോലും നടത്തേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

ജോലിസ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുക, പേശികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയൊക്കെയാണ് പുറം, കഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വേദനയ്ക്കുള്ള സാധാരണമായ കാരണങ്ങള്‍. ഈ അസ്വസ്ഥതകള്‍ വേദന വര്‍ധിപ്പിക്കുമെങ്കിലും സ്ഥിരമായുള്ളതും വഷളാകുന്നതുമായ വേദന സാധാരണയായി നട്ടെല്ലിന് കേടുപാടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനുള്ള സൂചനയാണ്.
ഡിസ്‌ക് പ്രോലോപ്‌സ്, സ്‌പൈനല്‍ കനാല്‍ സ്റ്റെനോസിസ്, ഡീജനറേറ്റീവ് ഡിസ്‌ക് ഡിസീസ്, സ്‌പോണ്ടിലോലിസ്‌റ്റെസിസ് എന്നീ രോഗങ്ങളുടെയെല്ലാം പ്രാരംഭലക്ഷണം ഇടയ്ക്കിടെയുണ്ടാകുന്ന നടുവേദന, കഴുത്ത് വേദന, കാല് വേദന ഇവയൊക്കെയാണ്. മണിപ്പാല്‍ ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജന്‍ ഡോ. രാഹുല്‍ ചൗദരി Times Now ന് നല്‍കിയ ആര്‍ട്ടിക്കിളിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

നടുവ് വേദനയോടുകൂടി ആരംഭിക്കുന്ന രോഗമാണ് ലംബര്‍ ഡിസ്‌ക് ഹെര്‍ണിയ. സ്‌പൈനല്‍ ഡിസ്‌കിന്റെ ഘടനയിലെ മാറ്റമാണ് ലംബര്‍ ഡിസ്‌ക് ഹര്‍ണിയ രോഗത്തിന് കാരണം. ഈ അവസ്ഥ സാധാരണയായി നടുവ് വേദനയോടെയാണ് ആരംഭിക്കുന്നത്. ഞരമ്പുകള്‍ക്കുണ്ടാകുന്ന ഞെരുക്കം, വേദന കാലുകളിലേക്കും നയിക്കാനിടയാക്കും. മരവിപ്പും ബലഹീനതയും മറ്റ് ലക്ഷണങ്ങളാണ്.
സെര്‍വിക്കല്‍ സ്‌പൈന്‍ ഡിസീസ് ഉള്ളവര്‍ക്ക് കഴുത്ത് വേദനയും കൈകളില്‍ മരവിപ്പും ഉണ്ടാകുന്നു. ഇത് ബാലന്‍സ് നഷ്ടപ്പെടുന്നതുപോലുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം.ഇത്തരത്തില്‍ നാഡീ കംപ്രഷന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ദീര്‍ഘകാലങ്ങളായി അവഗണിക്കുകയാണെങ്കില്‍ നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. ഇത് ചികിത്സയെ ഫലപ്രദമല്ലാതാക്കുകയും ചെയ്യും.

മിക്ക പ്രായമായവരിലും കാണപ്പെടുന്ന ഒരു നട്ടെല്ല് രോഗമാണിത്. മാത്രമല്ല പലരിലും രോഗനിര്‍ണയം നടത്താതെ പോവുകയും ചെയ്യാറുണ്ട്. രോഗികള്‍ക്ക് കാലിലില്‍ ഭാരം അനുഭവപ്പെടുകയും ദീര്‍ഘദൂരം നടക്കാന്‍ കഴിയാതെ വരികയും മുന്നോട്ട് കുനിയുമ്പോള്‍ ആശ്വാസം അനുഭവപ്പെടുകയും ചെയ്യും. സാധാരണയായി സന്ധിപ്രശ്‌നമായോ പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടായോ ആണ് പലരും ഇതിനെ തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തോന്നിത്തുടങ്ങുമ്പോള്‍ത്തന്നെ പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
Content Highlights :Back pain and neck pain are early symptoms of certain diseases. Early diagnosis and treatment can help prevent complications and surgery.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)