ഖത്തറിന്‍റെ റെക്കോർഡ് മുന്നേറ്റം: മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടൂറിസം കേന്ദ്രമായി ഖത്തർ

അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്നതും സ്ഥിരതയുള്ളതുമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തർ മാറി

ഖത്തറിന്‍റെ റെക്കോർഡ് മുന്നേറ്റം: മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടൂറിസം കേന്ദ്രമായി ഖത്തർ
dot image

ദോഹ: ഖത്തറിലെ ടൂറിസം മേഖല റെക്കോർഡ് വളർച്ച നിരക്കില്‍. ശൈത്യകാലത്തിന്റെ വരവോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ രാജ്യം 5.1 മില്യൺ അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിച്ചു. അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്നതും സ്ഥിരതയുള്ളതുമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തർ മാറിയിരിക്കുന്നു.

ഈ വളർച്ച 2026-ലും തുടരുമെന്നാണ് പ്രതീക്ഷ. ജിസിസി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവുണ്ടായി. ഫിഫ ലോകകപ്പിനു ശേഷമുള്ള വൻ നിക്ഷേപങ്ങൾ, മ്യൂസിയങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ആകർഷകമായ ബീച്ചുകൾ, കായിക-സാംസ്കാരിക ഇവന്റുകൾ, ക്രൂയിസ് ടൂറിസം തുടങ്ങിയവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങൾ.

വിസ നടപടികൾ ലളിതമാക്കിയതും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശക്തമായ കണക്റ്റിവിറ്റിയും ടൂറിസം മേഖലയ്ക്ക് കൂടുതൽ ആക്കം കൂട്ടി. ഹോട്ടൽ ഒക്യുപൻസി ശരാശരി 68-71 ശതമാനം വരെ ഉയർന്നിരിക്കുന്നു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ടൂറിസത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ സംഭാവന 10-12 ശതമാനമാക്കാനുള്ള ലക്ഷ്യത്തിലേക്ക് രാജ്യം വേഗത്തിൽ മുന്നേറുകയാണ്.

അതേസമയം, ജിസിസി രാജ്യങ്ങളിലെ ടൂറിസം മേഖല ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ശക്തമായി തിരിച്ചുവരുന്നതുമായ മേഖലകളിലൊന്നാണ്. കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ മിഡിൽ ഈസ്റ്റ് മേഖല ആദ്യമായി പ്രീ-പാൻഡെമിക് തലത്തിനപ്പുറം വളർച്ച കൈവരിച്ചു, 2024-ൽ ജിസിസി രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സഞ്ചാരികൾ 72.2 മില്യണിലെത്തി. അതായത് 2019-നെ അപേക്ഷിച്ച് 51.5% വർധനവ്. 2025-ലും ഈ മോമെന്റം തുടരുകയാണ്, ടൂറിസം വരുമാനം 120.2 ബില്യൺ ഡോളറിലെത്തി, സമ്പദ്‌വ്യവസ്ഥയിലെ സംഭാവന 93.5 ബില്യൺ ഡോളർ (GCC GDP-യുടെ 4.3%) ആയി ഉയർന്നു.

സൗദി അറേബ്യയാണ് ഈ വളർച്ചയിൽ മുൻനിരയിൽ. വിഷൻ 2030-ന്റെ ഭാഗമായി 2025-ൽ ടൂറിസം 5% ജിഡിപി സംഭാവന നൽകുകയും ഒരു മില്യണിലധികം ജോലികൾ സൃഷ്ടിക്കുകയും ചെയ്തു. 116 മില്യൺ സന്ദർശകരെ സ്വീകരിച്ച് (2024-ൽ) 2030-ലെ 150 മില്യൺ ലക്ഷ്യത്തിലേക്ക് വേഗത്തിൽ മുന്നേറുകയാണ് രാജ്യം. അൽഉല, ദിരിയ, റെഡ് സീ പ്രോജക്ടുകൾ, ക്രൂയിസ്, കായിക-സാംസ്കാരിക ഇവന്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

യുഎഇയും ഖത്തറും തങ്ങളുടെ ശക്തമായ എയർ കണക്റ്റിവിറ്റി (എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്), ലക്ഷ്വറി ഹോട്ടലുകൾ, മ്യൂസിയങ്ങൾ, ബിസിനസ് ഇവന്റുകൾ എന്നിവയിലൂടെ തിളങ്ങുന്നു. ഖത്തറിന്റെ പോസ്റ്റ്-വേൾഡ് കപ്പ് മോമെന്റം 2025-ലും തുടരുന്നു. ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവയും തങ്ങളുടെ പാരമ്പര്യവും ആധുനിക ആകർഷണങ്ങളും സമന്വയിപ്പിച്ച് വളരുകയാണ്. അഡ്വഞ്ചർ ടൂറിസം, ഇക്കോ-ടൂറിസം, ക്രൂയിസ് എന്നിവയിൽ ഇവർ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Content Highlights: Qatar has achieved record economic growth, emerging as one of the fastest growing countries in the Middle East

dot image
To advertise here,contact us
dot image