

ന്യൂയോർക്ക്: മേഖലയിലെ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യം ചൂണ്ടിക്കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇന്ത്യയ്ക്ക് ക്ഷണം കിട്ടിയ വിവരം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണ്ണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണൾഡ് ട്രംപ് നേരത്തെ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് പുറമെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയും സമാധാന ബോർഡിൽ ചേരാനായി അമേരിക്ക ക്ഷണിച്ചതായി അസോയിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിലെ സമാധാന ബോർഡിൽ അംഗമാകാൻ എത്രരാജ്യങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നതിൽ വ്യക്തതയില്ല. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തിൽ ഗാസ സമാധാന ബോർഡിൽ ഉൾപ്പെടുന്ന അംഗങ്ങളുടെ അന്തിമ പട്ടിക അമേരിക്ക പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്.
2024 ഒക്ടോബർ 10 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ അതിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഗാസയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനാണ് നിർദ്ദിഷ്ട സമാധാന ബോർഡ് അമേരിക്ക രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗാസയിൽ ഒരു പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കൽ, ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കൽ, ഹമാസിന്റെ നിരായുധീകരണം, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണം എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് സമാധാന ബോർഡിൻ്റെ ചുമതലകൾ.
ബോർഡിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ, ഇസ്രായേലി കോടീശ്വരൻ യാകിർ ഗബേ, വെടിനിർത്തൽ നിരീക്ഷിക്കുന്ന ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, ഗാസ സമാധാന ബോർഡ് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേൽ രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: US President Donald Trump has invited India to join the 'Board of Peace' for Gaza, part of his post-ceasefire plan with Israel and Hamas to oversee reconstruction, governance, and stability in the war-torn enclave. Pakistan also received an invite amid broader international involvement.