രൂപ കുത്തനെ താഴേക്ക്, യുഎഇ ദിർഹം മുകളിലേക്ക്: ദിർഹത്തിന്‍റെ മൂല്യം 25രൂപയോട് അടുക്കുന്നു; ചിരി പ്രവാസികള്‍ക്ക്

യുഎഇ ദിർഹത്തിന്റെ മൂല്യം 25 രൂപയിലേക്ക് അടുക്കുകയാണ്

രൂപ കുത്തനെ താഴേക്ക്, യുഎഇ ദിർഹം മുകളിലേക്ക്: ദിർഹത്തിന്‍റെ മൂല്യം 25രൂപയോട് അടുക്കുന്നു; ചിരി പ്രവാസികള്‍ക്ക്
dot image

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ കറൻസികളുടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. യുഎഇ ദിർഹത്തിന്റെ മൂല്യം 25 രൂപയിലേക്ക് അടുക്കുകയാണ്. നിലവിൽ ഒരു യുഎസ് ഡോളറിന് 90.72 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ഇതാണ് ഗൾഫ് കറൻസികളുടെ മൂല്യത്തേയും വലിയ തോതിയത് ഉയർത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കാന്‍ നല്ല സമയമായാണ് പ്രവാസികള്‍ ഈ കാലഘട്ടത്തെ കാണുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം താഴോട്ട് പോകുന്ന പ്രവണതയാണ് ഗൾഫ് കറൻസികളുടെ നിരക്ക് വർധനവിന് പ്രധാന കാരണം. നിലവിലെ കണക്കുകൾ പ്രകാരം, ഒരു യുഎഇ ദിർഹത്തിന് ഏകദേശം 24.70 രൂപയാണ് മൂല്യം. അധികം വൈകാതെ ഇത് 25 രൂപയിലേക്ക് എത്തുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. രൂപയുടെ മൂല്യം ഡോളറിന് 92 രൂപയിലേക്ക് താഴ്ന്നാൽ, ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് സാമ്പത്തിക വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രൂപയുടെ ഇടിവ് തടയാൻ വലിയ തോതിലുള്ള ഇടപെടലുകൾ നടത്തുന്നില്ലെന്നും, വിപണിയിലെ അമിത ചാഞ്ചാട്ടം നിയന്ത്രിക്കുക മാത്രമാണ് മുൻഗണനയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

യുഎഇ ദിർഹത്തിന് പുറമെ, മറ്റ് ഗൾഫ് കറൻസികളുടെ മൂല്യവും ഗണ്യമായി വർധിച്ചു. സൗദി റിയാലിന്റെ നിരക്ക് ഏകദേശം 24.23 രൂപയോളമാണ്, അതേസമയം ഖത്തർ റിയാലിന് 24.94 രൂപയോളം മൂല്യമുണ്ട്. ഈ ഉയർന്ന നിരക്കുകൾ പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു. വിവിധ മണി എക്സ്ചേഞ്ചുകളിലും ബാങ്കുകളിലും ഈ പ്രതിഫലനം പ്രകടമാണ്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച നിരക്കുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പല പ്രവാസികളും പണമയക്കൽ വൈകിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലേക്കുള്ള വിദേശ നാണയ ഒഴുക്ക് വർധിക്കാൻ ഈ സാഹചര്യം കാരണമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, ഇന്ത്യയിലെ വർധിച്ചുവരുന്ന വിദ്യാഭ്യാസ, ആരോഗ്യ, ഭവന നിർമാണ ചെലവുകൾ നേരിടാൻ ഉയർന്ന വിനിമയ നിരക്ക് പ്രവാസി കുടുംബങ്ങൾക്ക് സഹായകമാകും. ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് ഈ മാറ്റം ആശ്വാസമാകുന്നു, കാരണം അവരുടെ ശമ്പളത്തിന്റെ മൂല്യം നാട്ടിൽ കൂടുതൽ വർധിക്കുന്നു.

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും, ഇറക്കുമതിക്കാർക്കിടയിലെ ഡോളറിന്റെ വർധിച്ച ആവശ്യകതയുമാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനകൾ തുടങ്ങിയവയും രൂപയെ ദുർബലപ്പെടുത്തുന്നു. എന്നിരുന്നാലും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമായതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ രൂപ തിരിച്ചുവരുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.

Content Highlights: UAE dirham–Indian rupee exchange rate has moved upward, with one dirham nearing the Rs. 25 mark

dot image
To advertise here,contact us
dot image