

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ തോൽപിച്ച് ന്യൂസിലാൻഡ്. ഇതോടെ പരമ്പര 2-1ന് കിവികൾ സ്വന്തമാക്കി. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 41 റൺസിനാണ് ന്യൂസിലാൻഡിന്റെ വിജയം. സെഞ്ച്വറിയുമായി വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
മത്സരവം പരമ്പരയും തോറ്റതോടെ നാണംകെട്ട നേട്ടം കൈവരിച്ചിരിച്ചിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ ആദ്യമായി പരമ്പര തോൽക്കുന്ന ടീമായി ശുഭ്മാൻ ഗില്ലിന്റെ ഇന്ത്യ മാറി. നേരത്തെ ഇന്ത്യൻ മണ്ണിൽ കളിച്ച ഏഴ് പരമ്പരകളിലും ഇന്ത്യ തന്നെയായിരുന്നു വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടിയപ്പോൾ മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 296ന് എല്ലാവരും പുറത്തായി. സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് മികച്ച സ്‌കോറിലെത്തിച്ചത്.
ഡാരിൽ മിച്ചൽ 131 പന്തിൽ നിന്നും 137 റൺസും ഫിലിപ്‌സ് 88 പന്തിൽ 106 റൺസും നേടി. അവസാന ഓവറിൽ വെടിക്കെട്ട് നടത്തിയ ക്യാപ്റ്റൻ ബ്രേസ്‌വെൽ 28 റൺസ് നേടി. വിൽ യങ് 30 റൺസ് നേടിയിരുന്നു.
ഇന്ത്യക്കായി അർഷ്ദീപ് സിങ് 63 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹർഷിത് റാണ 84 വഴങ്ങി മൂന്നെണ്ണത്തെ വീഴ്ത്തി. മികച്ച ബൗളിങ് പുറത്തെടുത്ത മുഹമ്മദ് സിറാജ് വെറും 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. കുൽദീപ് യാദവും വിക്കറ്റ് നേടിയപ്പോൾ. രവീന്ദ്ര ജഡേജക്കും നിതീഷ് കുമാർ റെഡ്ഡിക്കും വിക്കറ്റൊന്നും സ്വന്തമാക്കാൻ സാധിച്ചില്ല.
ഇന്ത്യക്ക് വേണ്ടി വിരാട് 108 പന്തിൽ 124 റൺസ് നേടിയപ്പോൾ ഹർഷിത് റാണ 43 പന്തിൽ 52 റൺസ് സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡിയും (57 പന്തിൽ 53) വിരാടിന് മികച്ച പിന്തുണ നൽകി. ബാക്കി ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല.
Content Highlights- Nz created History In India by winning ODI series