

മാർക്കോ എന്ന സിനിമയ്ക്ക് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് ഒരുക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഎഫ്എക്‌സ് ഉപയോഗിക്കാതെയായിരുന്നു ചിത്രത്തിൽ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. പരിശീലനം നേടിയ ആനയെ ആണ് ഇതിനായി കാട്ടാളൻ ടീം ഉപയോഗിച്ചത്. ഇതിന്റെ ബിടിഎസ് വീഡിയോയും അവർ പുറത്തുവിട്ടിരുന്നു.
ടീസറിന് മികച്ച പ്രതികരണമാണ് ഭൂരിഭാഗം പേരിൽ നിന്നും ലഭിച്ചതെങ്കിലും ചിലർ സീനുകളെ കുറിച്ച് വിമർശനവും ഉന്നയിച്ചിരുന്നു. രംഗങ്ങൾ കോരിത്തരിപ്പിച്ചില്ലെന്നും പ്രതീക്ഷിച്ച അത്രയും മാസ് ആയി തോന്നിയില്ലെന്നുമായിരുന്നു ചിലരുടെ അഭിപ്രായങ്ങൾ. ഇതിന് പിന്നാലെ ടീസറിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചരണമാണെന്ന രീതിയിൽ ചിലരും രംഗത്തെത്തി. ഇതിനോട് നിർമാതാക്കളായ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
ക്യൂബ്‌സിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റിനോടാണ് നിർമാതാക്കൾ പ്രതികരിച്ചത്. നല്ല രീതിയിലുള്ള ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു കമന്റ്. തങ്ങൾ അതിനെ അങ്ങനെ കാണുന്നില്ല എന്നാണ് ക്യൂബ്‌സിന്റെ മറുപടി. വിമർശനങ്ങൾ പ്രേക്ഷകർക്ക് തങ്ങളോടുള്ള കരുതലാണെന്നാണ് ഇവർ പറയുന്നത്. കൂടുതൽ ശക്തമായ അപ്‌ഡേറ്റുമയി വരുമെന്നും ക്യൂബ്‌സ് അറിയിച്ചിട്ടുണ്ട്.

'ഇതൊരു ഹേറ്റ് ക്യാംപെയ്ൻ ആയിട്ട് ഞങ്ങൾ കാണുന്നില്ല. ടീസറിലെ ചില ഘടകങ്ങൾ എല്ലാത്തരും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയിട്ടില്ലെന്ന് മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വിമർശനങ്ങളെ എന്നും അത് പ്രേക്ഷകർക്ക് ഞങ്ങളോട് ഉള്ള കരുതലായിട്ട് ഞങ്ങൾ കാണുന്നു. അതിനാൽ വിമർശനങ്ങൾ ഏറ്റെടുത്തുകൊണ്ട് കൂടുതൽ ശക്തമായ അടുത്ത ഒരു അപ്‌ഡേറ്റുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് എത്തും,' ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് പറയുന്നു. ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ലെന്നാണ് നിർമാതാക്കളെ അഭിനന്ദിച്ചുകൊണ്ട് ചിലർ പറയുന്നത്.
ചിത്രത്തിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ ആൻറണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ജിനു അനിൽകുമാർ, വൈശാഖ്
Content Highlights : Kattalan movie producers replies to a comment claiming that hate campaign is happening agaist the teaser.The producers denies it and says that they see criticisms as care from audiences.