

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമാകുന്നു. ഇതിന്റെ ഭാഗമായി സൗദി എയര്‍ലൈനായ സൗദിയയും എയര്‍ ഇന്ത്യയും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവച്ചു. ഫെബ്രുവരി മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങൾ ലഭിക്കും. പുതിയ കോഡ്ഷെയര്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് കൂടുതല്‍ വിമാന ഓപ്ഷനുകള്‍, സുഗമമായ കണക്ഷനുകള്‍, മുന്നോട്ടുള്ള യാത്രാ മാര്‍ഗങ്ങള്‍ എന്നിവ ലഭിക്കും.
ജിദ്ദയിലോ റിയാദിലോ എത്തുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദമാം, അബഹ, ഖസീം, ജിസാന്‍, മദീന, തായിഫ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സൗദിയ നടത്തുന്ന വിമാനങ്ങളില്‍ തടസമില്ലാതെ കണക്ഷന്‍ യാത്ര ലഭ്യമാക്കും. തിരഞ്ഞെടുത്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റുകളും ഈ വര്‍ഷം അവസാനത്തോടെ ഉള്‍പ്പെടുത്താനാണ് തീരുമാനം.
കരാര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് സൗദിയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുംബൈ, ഡല്‍ഹി വഴി അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നെ, ലഖ്നൗ, ജയ്പുര്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാനാകും. ഇന്റര്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ 15-ലധികം സ്ഥലങ്ങള്‍ കൂടി അധികമായി ലഭ്യമാക്കും.
ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും കുടുംബ സന്ദര്‍ശനങ്ങള്‍ക്കുമായി ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഈ ഓപ്ഷനുകള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. യാത്രകള്‍ ലളിതമാക്കുന്നതിനൊപ്പം രണ്ട് വിപണികള്‍ തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കുക കൂടിയാണ് ഇരു എയര്‍ലൈനുകളും കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയും സൗദിയും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന സഹകരണത്തിലെ ശ്രദ്ധേയമായ ചുവുടുവെയ്പ്പാണ് പുതിയ കരാര്‍ എന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ഒമര്‍ പറഞ്ഞു. ആഗോള ശൃംഖല വിപുലമാക്കുന്നതിനുളള എയര്‍ ഇന്ത്യയുടെ വിശാലമായ ശ്രമത്തെയും ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നു. 2022-ല്‍ സ്വകാര്യവത്ക്കരണത്തിനുശേഷം എയര്‍ ഇന്ത്യ 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളിലേക്കും 100ഓളം ഇന്റര്‍ലൈന്‍ കരാറുകളിലേക്കും തങ്ങളുടെ സേവനം വ്യാപിപ്പിച്ചു.
Content Highlights: Travel between India and Saudi Arabia will become more convenient after airlines signed a new agreement to enhance connectivity. The arrangement is expected to improve flight coordination and passenger services, benefiting travellers between the two countries. The move reflects growing cooperation in the aviation sector.