

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് ആദരമർപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രത്യേക സ്മാരക നാണയം പുറത്തിറക്കി. ഫിഫയുമായി സഹകരിച്ച് പൂർണ്ണമായും വെള്ളിയിൽ നിർമ്മിച്ച ഈ നാണയങ്ങൾ ഒമാനിലും തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലും ലഭ്യമാകും.
ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന നാണയങ്ങൾ 99.9 ശതമാനം ശുദ്ധമായ വെള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 28.28 ഗ്രാം ഭാരമുള്ള ഈ സ്മാരക നാണയത്തിന് ഒരു ഒമാനി റിയാലാണ് മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത്.
നാണയങ്ങൾ പരിമിതമാണെന്നതാണ് മറ്റൊരു പ്രത്യേകത. ആകെ 5,000 നാണയങ്ങൾ മാത്രമാണ് ബാങ്ക് പുറത്തിറക്കുന്നത്. ഇതിൽ 1,000 നാണയങ്ങൾ ഒമാനിലെ പ്രാദേശിക വിപണിയിലൂടെ ലഭ്യമാക്കും. ബാക്കി 4,000 നാണയങ്ങൾ ഫിഫ അംഗീകൃത വിതരണക്കാർ വഴി അന്താരാഷ്ട്ര വിപണിയിൽ വിൽപ്പന നടത്തും.
ഒരു നാണയത്തിന് 73 ഒമാനി റിയാലാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആഗോള വിപണിയിലെ വെള്ളിയുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി അന്തിമ വിലയിൽ മാറ്റം വരാമെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് ഒമാൻ പുറത്തിറക്കിയ ഈ സ്മാരക നാണയങ്ങൾ നാണയ ശേഖരണം നടത്തുന്നവർക്കും കായിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: The Central Bank of Oman has issued a special commemorative coin dedicated to the FIFA World Cup. The coin marks a tribute to the global sporting event and reflects Oman’s engagement in celebrating international cultural and sporting milestones.