

ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്കും നിക്ഷേപ സാധ്യതകൾക്കും വൻ കുതിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനവും പൂർത്തിയായതായി അധികൃതർ. വരുന്ന ഡിസംബറിൽ കേബിൾ കാറിന്റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നു വരികയാണെന്ന് മത്ര വാലി അധികൃതർ അറിയിച്ചു.
കേബിൾ കാർ സ്റ്റേഷനുകൾ, സന്ദർശക റൂട്ടുകൾ, സാങ്കേതിക സംവിധാനങ്ങൾ, സുരക്ഷാ നടപടികൾ, പിന്തുണാ സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പദ്ധതി ഘടകങ്ങളിലും ആസൂത്രണം ചെയ്തതുപോലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച മത്ര ഡെപ്യൂട്ടി വാലി ഷെയ്ഖ് ഡോ. അബ്ദുൾ ഹമീദ് അബ്ദുൾ റഹ്മാൻ അൽ ഖറൂസി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിലാണ് ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമാണ ഘട്ടത്തിലുടനീളം ഗുണനിലവാരവും സുരക്ഷാ ആവശ്യകതകളും നിലനിർത്തിക്കൊണ്ട് സ്ഥാപിത സമയക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും അബ്ദുൾ റഹ്മാൻ അൽ ഖറൂസി പ്രതികരിച്ചു. മത്രയുടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ഈ പദ്ധതി വളരെ പ്രധാനപെട്ട പങ്കുവഹിക്കുമെന്നും ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനൊപ്പം ടൂറിസ വരുമാനവും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പുരോഗതി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും പദ്ധതി ഷെഡ്യൂൾ അനുസരിച്ച് പൂർത്തിയാക്കുന്നുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം പ്രവർത്തനക്ഷമമാക്കുന്നതിന് തയ്യാറാണെന്നും ഏതൊരു വെല്ലുവിളിയെയും നേരിടുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഡോക്ടർ ഖറൂസി വ്യക്തമാക്കി.
Content Highlights: The Matrah Cable Car project in Oman is making significant progress and is expected to strengthen the country's tourism and investment sectors. The project aims to attract more visitors, improve tourism infrastructure, and contribute to economic growth.