38000 കോടിയുടെ നിക്ഷേപം ഒഴുകിയെത്തും; പൂർണപിന്തുണ ഉറപ്പ് നൽകി വിജയ്; തൂത്തുക്കുടിയിൽ കപ്പൽ നിർമാണശാല

15000 പേർക്ക് തൊഴിൽ ലഭിക്കും എന്നാണ് കരുതപ്പെടുന്നത്

38000 കോടിയുടെ നിക്ഷേപം ഒഴുകിയെത്തും; പൂർണപിന്തുണ ഉറപ്പ് നൽകി വിജയ്; തൂത്തുക്കുടിയിൽ കപ്പൽ നിർമാണശാല
dot image

തമിഴ്‌നാട്ടിലേക്ക് വമ്പൻ നിക്ഷേപം നടത്താൻ ഹ്യുണ്ടായി. തൂത്തുക്കുടിയിൽ എച്ച്ഡി ഹ്യുണ്ടായി പടുകൂറ്റൻ കപ്പൽ നിർമാണശാല നിർമിക്കും. 38000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ തമിഴ്‌നാട്ടിലെത്തുക. 15000 പേർക്ക് തൊഴിൽ ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എച്ച്ഡി കൊറിയ ഷിപ്പ്ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് കമ്പനിയുടെ ഉന്നതതല സമിതി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കണ്ടിരുന്നു. പദ്ധതിയുടെ പുരോഗമനവും അടുത്ത നടപടിക്രമങ്ങൾ എന്തെല്ലാമെന്നുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. കപ്പൽനിർമാണ ശാല നിർമിക്കുന്നത് സംബന്ധിച്ച് കമ്പനി സർക്കാരുമായി നേരത്തെത്തന്നെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.

ഔദ്യോഗിക പ്രസ്താവന പ്രകാരം, ഈ പദ്ധതി ,മറ്റ് അനുബന്ധ വ്യവസായങ്ങളിൽ വലിയ വളർച്ചയ്ക്ക് കാരണമാകും എന്നും പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതി നടത്തിപ്പിനും മറ്റും വേണ്ടി നാഷണൽ ഷിപ്പ്ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് തമിഴ്നാട് എന്ന പേരിൽ ഒരു കമ്പനി തന്നെ ആരംഭിച്ചിട്ടുണ്ട്. വി ഓ ചിദംബരനാർ പോർട്ട് അതോറിറ്റിയും സംസ്ഥാന വ്യവസായ കോർപ്പറേഷൻ അതോറിറ്റിയും കൂടിയാണ് കമ്പനി ആരംഭിച്ചത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്ന് പദ്ധതിക്ക് തത്വത്തിൽ പ്രഥമ അംഗീകാരം ലഭിച്ചു.

എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കാനാണ് നീക്കമെന്ന് എച്ച് ഡി കൊറിയ ഷിപ്പ്ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീറിങ്ങിന്റെ പ്രതിനിധിയായ യൂങ് ഹൂം ക്വോൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും പദ്ധതിക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകി. വ്യവസായമന്ത്രി സെൽവി എസ് കീർത്തന, ചീഫ് സെക്രട്ടറി എം സായ്‌കുമാർ തുടങ്ങിയ നിരവധി പേരും കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു.

Content Highlights: Hyundai Motor Company is planning a massive investment in Tamil Nadu, including the construction of a large shipbuilding yard in Thoothukudi. The project is expected to bring in an estimated ₹38,000 crore investment into the state.

dot image
To advertise here,contact us
dot image