

രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് വൻ പ്രോത്സാഹനം നൽകുന്ന നിർണായക തീരുമാനവുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. വ്യക്തികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും രാജ്യത്തിനകത്തെ ഡിജിറ്റൽ പണമിടപാടുകൾക്ക് ഈടാക്കുന്ന ഫീസ് പൂർണ്ണമായും ഒഴിവാക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. പുതിയ പരിഷ്കാരങ്ങൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ നടപടി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം, ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം, ഇൻസ്റ്റന്റ് പേയ്‌മെന്റ് സിസ്റ്റം എന്നിവ വഴി വ്യക്തികളും ചെറുകിട-ഇടത്തരം സംരംഭങ്ങളും നടത്തുന്ന ആഭ്യന്തര ഡിജിറ്റൽ പണമിടപാടുകൾ ഇനി മുതൽ തികച്ചും സൗജന്യമായിരിക്കും. മൊബൈൽ നമ്പറോ മറ്റ് ഡിജിറ്റൽ ഐഡന്റിഫയറുകളോ ഉപയോഗിച്ച് നടത്തുന്ന തൽക്ഷണ പണമിടപാടുകൾക്കും ഇനി ഫീസ് ഈടാക്കില്ല.
സ്വകാര്യ മേഖലയിലെ കമ്പനികളുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഫീസിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വേതന സംരക്ഷണ സംവിധാനത്തിന് കീഴിൽ ശമ്പള ഫയലുകൾ പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്കുകൾക്ക് ഇനി പരമാവധി ഒരു ഒമാനി റിയാൽ മാത്രമെ ഈടാക്കാൻ സാധിക്കൂ. അതേസമയം, ക്യൂആർ കോഡ് പേയ്‌മെന്റുകൾക്കുള്ള മർച്ചന്റ് സർവ്വീസ് ചാർജ് 0.75 ശതമാനത്തിൽ നിന്ന് 0.50 ശതമാനമായി കുറച്ചു. ഒരു ഇടപാടിന് പരമാവധി രണ്ട് റിയാൽ മാത്രമായിരിക്കും ചാർജ് ഈടാക്കുക. ഡിജിറ്റൽ പേയ്‌മെന്റുകളെ കൂടുതൽ ജനകീയമാക്കാനും പണമിടപാടുകൾ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കാനുമുള്ള സുപ്രധാന നീക്കമാണിതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് അൽ മുസൽമി വ്യക്തമാക്കി.
Content Highlights: Starting July 1, domestic digital fund transfers in Oman will be free of charge. The initiative is expected to boost digital payment adoption, reduce transaction costs, and support the country's transition toward a more cashless economy.